Tuesday, 29 January 2013

ഒരു സൗഹൃദം: "ഹായ്‌" മുതൽ "റ്റി.സി" വരെ..

പ്ലസ്‌ ടു കഴിഞ്ഞ്‌ വേനലവധിക്കാലം. പ്രായത്തിന്റേതായ കഴപ്പ്‌ കാരണം ക്രിക്കെറ്റ്‌ കളിക്കാനൊന്നും പോകാൻ എനിക്ക്‌ ഇഷ്ടമല്ലായിരുന്നു. വെക്കേഷൻ എതാണ്ട്‌ ബോറടിച്ച്‌ തുടങ്ങി. പണ്ടൊക്കെ വേനലവധിയെന്ന് കേൾക്കുമ്പൊഴെ ഒരു കോരിത്തരിപ്പാരുന്നു. കൂട്ടുകാരൊത്ത്‌ കളിച്ചു തിമർത്ത ദിവസങ്ങൾ. ഒരിക്കലും പിരിയില്ലെന്ന് വിശ്വസിച്ചവർ..... ഇന്നകന്ന് പൊയ്ക്കൊണ്ടിരിക്കുന്നവർ (സത്യം പറയണമല്ലൊ ഒരുകളിക്കൂട്ടുകാരൻ ഉണ്ട്‌, അന്നും ഇന്നും...!). പകൽ പന്ത്രണ്ട്‌ മണിക്കൂറൊന്നും അന്നെനിക്ക്‌ തികയില്ലാരുന്നു! ജീവിതത്തിലെ വസന്തകാലം.. ഒരിക്കലും തിരിച്ച്‌ കിട്ടാത്ത എന്റെ മാമ്പഴക്കാലം..

വിരസതകാരണം ഞനൊരു പാർട്‌ ടൈം ജോലിക്കായ്‌ അലഞ്ഞെങ്കിലും ആദ്യം ഫലം ഒന്നും കണ്ടില്ല. അങ്ങനെയിരിക്കയാണു ഒരിക്കൽ ഗ്ലൊബൽ ഇന്റർനെറ്റ്‌ കഫെയിൽ എന്നെ ട്രെയിനിയായിട്ടെടുത്തു. ഹ്ം.. ട്രെയിനിയെങ്കിൽ ട്രെയിനി, ഞാൻ പോകാൻ തീരുമാനിച്ചു. "വീട്ടിൽ ചൊറിയും കുത്തിയിരിക്കുന്നതിനേക്കാൾ നല്ലതാ, പിന്നെ മാസാവസാനം മാന്യമായ ശമ്പളവും കിട്ടും" ഞാൻ വിചാരിച്ചു, എല്ലാരും അതുതന്നെ പറയുകയും ചെയ്തു. അങ്ങനെ ഞാൻ ഇന്റർനെറ്റിന്റെ ലോകത്ത്‌ കൂടുതൽ സജീവമായി. മോന്തപുസ്തോം അന്നുണ്ടെങ്കിലും ഓർക്കുട്ടായിരുന്ന് ആന്ന് ലോകശ്രദ്ധ പിടിച്ചിരുന്നത്‌. അങ്ങനെയൊരിക്കൽ ഇ-മെയിൽ ചെക്ക്‌ ചെയ്യുന്നതിനിടക്ക്‌ ഫേസ്ബുക്കിൽ ഒരു മെസേജ്‌ വന്നതായി നൊട്ടിഫിക്കേഷൻ മെയിൽ വന്നു. ഇതിൽ കൂടുതൽ എന്തേലും വേണൊ മനസ്സിൽ ലഡ്ഡു പൊട്ടാൻ! പൊട്ടി.. ഒന്നല്ല, രണ്ട്‌ ലഡ്ഡു ! പക്ഷെ ഫേസ്ബുക്കിൽ ലോഗ്‌ ഇൻ ചെയ്ത എനിക്ക്‌ നിരാശയാണു നൽകിയത്‌. :( പ്രതീക്ഷിച്ചത്‌ പോലെ അതൊരു ഫീമെയിൽ മെസഞ്ചർ അല്ലായിരുന്നു. ഹ്ം.. പൊട്ടിയ ലഡ്ഡു വീണ്ടും ഉറഞ്ഞ്‌ കട്ടിയായി. ചാറ്റ്‌ തുടക്കമായ്‌ ഒരു 'ഹായ്‌' മെസേജ്‌ ആയിരുന്നു അത്‌. അയച്ചത്‌ കൊട്ടാരക്കരയിൽ നിന്നും ഒരു രാജീവ്‌. അപ്പോൾ ഞാനറിഞ്ഞിരുന്നില്ല അതൊരു വലിയ സൗഹൃതത്തിന്റെ തുടക്കമാവുമെന്ന്. അന്നൊക്കെ ഒരാളെ ഒൺലയിനിൽ കിട്ടുക അത്ര എളുപ്പമല്ല. അത്‌കൊണ്ട്‌തന്നെ ചാറ്റിങ്ങിലൂടെയും ഫോൺ വിളികളിലൂടെയും ഞങ്ങളുടെ സൗഹൃതം ചുരുങ്ങിയകാലം കൊണ്ട്‌തന്നെ വലുതായി. കക്ഷി ഒരു സംഗീത ജീവി ആയിരുന്നു(ഈ ബുദ്ദിജീവി എന്നൊക്കെ വിളിക്കുന്നപോലെ!). ഫോൺ വിളിക്കുമ്പോഴും പശ്ചാത്തലത്തിൽ ദാസേട്ടന്റേയും മറ്റും പഴയ ഗാനങ്ങൾ കേൾക്കാം. ഞങ്ങളുടെ അഭിരുചികളും പലതും ഒരുപോലെതന്നെയായിരുന്നു, ലൈവ്‌ ക്രിക്കറ്റ്‌ ഷോസ്‌ ഒന്നും വിടില്ലെങ്കിലും ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ മടിയായിരുന്നവർ  !

ദിവസങ്ങൾ പോയതറിഞ്ഞില്ല. വെക്കേഷൻ അവസാനിച്ചതും എനിക്ക്‌ പുനലൂർ ഗവൺമേന്റ്‌ പോളിടെക്നിക്‌ കോളേജിൽ അഡ്മിഷൻ കിട്ടിയതും... പിന്നീടൊരിക്കൽ ഒരു ഓക്റ്റൊബർ 28ാ‍ം തീയതീ ആദ്യമായ്‌ മീറ്റ്‌ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. പിറ്റേ ദിവസം കോളേജിൽ വരാമെന്ന് പറഞ്ഞുറപ്പിച്ചശേഷമായിരുന്നു രാജീവേട്ടൻ തലേന്ന് ഫോൺ വച്ചത്‌.

ഓക്റ്റൊബർ 28:
ഞാൻ വളരെ ജിജ്ഞാസ്സയോടെയാണു കാത്തിരുന്നത്‌. ഒരു ഫോൺ കാൾ ഞാൻ പ്രതീക്ഷിച്ചിരുന്നു.
മുഖപുസ്തകത്തിൽ നിന്ന് തുടങ്ങിയ സൗഹൃതം.. പിന്നെ ഫോൺ വിളിയിലൂടെ പടർന്ന് പന്തലിച്ചു... ഇപ്പോ നേരിട്ടൊരു കണ്ട്‌ മുട്ടൽ... 
എന്നാൽ അന്നൊന്നും പ്രത്യേകിച്ച്‌ സംഭവിച്ചില്ല.. സാധാരണ ദിവസം പോലെ സൂര്യൻ എരിഞ്ഞടങ്ങി. ക്യാമ്പസ്സിന്റെ വാതുക്കൽ കാത്തിരുന്നതും മിച്ചമായ്‌. ഞാൻ അങ്ങോട്ട്‌ ഫോൺ വിളിച്ചെങ്കിലും വിഫലമായിരുന്നു പ്രതികരണം. എന്തെങ്കിലും തിരക്ക്‌ കാണുമെന്ന് കരുതി.

പിറ്റേന്നാണു ഞാൻ എന്റെ മൊബൈൽ ഫോൺ കച്ചവടമാക്കുന്നത്‌. കമ്പൂട്ടറിലും മൊബെയിലിലും ഇന്റർനെറ്റ്‌ എടുത്തിരുന്ന മൊബൈൽ എന്ന ആകെ കച്ചിത്തുരുമ്പും അങ്ങനെ ഇല്ലാതായി. മാസങ്ങൾ കഴിഞ്ഞു... ഇതിനിടക്ക്‌ കുറേ സംഭവങ്ങളും. സ്തിരം കോളേജ്‌ ഡേയ്സ്‌, ക്ലാസ്‌ കട്ട്‌ ചെയ്യുക സിനിമക്ക്‌ പോവുക.. ക്ലാസ്സ്‌ കട്ട്‌ സിനിമ.. സിനിമ ക്ലാസ്സ്‌ കട്ട്‌.. അങ്ങനെയങ്ങനെയങ്ങനെ.. ഇതിനിടക്ക്‌ കുറച്ച്‌ കുടിശ്ശികയും!* ഇന്റെർനെറ്റിൽ നിന്നും മൊബെയിൽ ഫോണിൽനിന്നുമുള്ള പൂണ്ണമായ അകൽച്ച രാജീവേട്ടനേയും മറന്ന് തുടങ്ങാൻ ഇതിനോടകം തന്നെ എന്നെ പ്രേരിപ്പിച്ചിരുന്നു. അങ്ങനെയൊരിക്കൽ ഞാൻ വീണ്ടും  ഒരു പുതിയ സ്മാർട്ഫോണിനുടമയാവാനിടയായി. വീണ്ടും ഇന്റെർനെറ്റിലേക്കൊരു തിരിച്ചുവരവ്‌. ഓർക്കുട്ടിൽ ആദ്യം കയറിയ എന്നെ അവിടുത്തെ കാഴച്ച അംബരപ്പിച്ചു. എങ്ങും മരിച്ച ശവങ്ങളെപ്പോലുള്ള കുറേ പ്രൊഫെയിലുകൾ.. ഇടക്ക്‌ കുറച്ച്‌ ബ്രസ്സീലുകാരും! ഫേസ്ബുക്കിലാകട്ടെ വൻ ചാകരയും.. അമേരിക്കൻ പ്രസിഡന്റ്‌ ബരാക്‌ ഒബാമ മുതൽ അപ്പുറത്തെ വീട്ടിലെ ഗോപാലൻ ചേട്ടൻ വരെ അതിലുണ്ട്‌. ഓൾഡ്‌ മെസ്സേജുകൾ നോക്കുന്നതിനിടയിലാണു പെട്ടെന്ന് രാജിവേട്ടന്റെ പ്രൊഫെയിൽ തടഞ്ഞത്‌. അവിടെക്കണ്ട കാഴ്ച്ച തികച്ചും എന്നെ ഞെട്ടിപ്പിച്ചു. ആദരാഞ്ജലികളാൽ കണ്ണീരിൽ കുതിർന്ന മുഖപുസ്തകച്ചുമരിൽ നിന്ന് ഞാനും കരഞ്ഞു; ഒരൽപനേരം..
ചുട്ട്‌പഴുത്ത റോഡിലെ ഒരാക്സിഡന്റ്‌, അതെ.. ആ പഴയ ഒക്റ്റോബർ 28നു!

സുഹൃത്തേ മറക്കില്ല.. ആ വിഷുദിന സ്ക്രാപ്പുകൾ ഒരിക്കലും.. ഓർക്കുട്ടും മുഖപുസ്തകവും, പിന്നെ കുറേ വിഷുക്കാലവും നിലനിൽക്കുന്നിടത്തോളം കാലം വരേക്കും...

വീണ്ടുമൊരു ജന്മമുണ്ടെങ്കിൽ കണ്ട്‌മുട്ടാം.. ഈ കൊച്ച്‌ കേരളത്തിലൊ, നിറശോഭയുടെ ഓർക്കുട്ടിലോ.. അതുമല്ലെങ്കിൽ സൗഹൃതങ്ങളുടെ മുഖപുസ്തകത്താളുകളിലൊ...

ഈ താൾ രാജീവേട്ടനും, രാജീവേട്ടനെ സ്നേഹിക്കുന്നവർക്കും സമർപ്പിച്ച്‌കൊണ്ട്‌; ആദരാഞ്ജലികളോടെ,

 
   ദിസ്‌ ഈസ്‌  വിഷ്ണുലാൽ യൂ സി സൈഗ്നിങ്ങ്‌ ഓഫ്‌...

ലേബൽ: സുഹൃത്ത്‌ക്കളുടെ എണ്ണത്തിലൊ ലൈക്കുകളുടെയും കമന്റ്‌കളുടെയും കണക്കെടുപ്പിലൊ അല്ല കാര്യം.. നിങ്ങളെയറിയുന്ന നിങ്ങളെയോർക്കുന്ന മനസ്സുകളിലാണു സൗഹൃദത്തിന്റെ വേരുകൾ ആഴ്‌ന്നിറങ്ങുന്നത്‌...