Thursday, 30 May 2013

പറയാൻ ബാക്കിവച്ചത്‌....

അവസാന ഐസ്‌ക്യൂബ്‌ വീണുടഞ്ഞ ഗ്ലാസ്‌ വിവേക്‌ മെല്ലെ ചുണ്ടിലേക്കടുപ്പിച്ചു. അതെ.. ഇവനെ നമ്മുക്ക്‌ വിവേക്‌ എന്ന് വിളിക്കാം. പേരുപോലെതന്നെ കുറച്ച്‌ വിവേകവും ഇവനുണ്ടെന്ന് കരുതിക്കൊള്ളു.
ജനാല  യിലൂടെ അവൻ വിദൂരതയിലേക്ക്‌ നോക്കി, ഒരു കവിൾ മദ്യത്തിന്റെ ലഹരിയിൽ.. 'നാളെ അവളുടെ വിവാഹമാണ്.. ജീവിതത്തിന്റെ നേർക്ക്‌ കണ്ണും മിഴിച്ച്‌ നിന്നവനെ ആകാശം നോക്കി സ്വപ്നം കാണാൻ പഠിപ്പിച്ചവൾ.. പ്രതിസന്ധികളിൽ ആശ്വാസമായവൾ.. ഉറ്റ സുഹൃത്തെന്ന് വിളിക്കാൻ ശീലിച്ചവൾ..
എല്ലവരുടേയും ജീവിതത്തിൽ, എത്ര പേരെ പ്രണയിച്ചാലും എന്നും ഓർക്കുന്ന ഏറ്റവും ആത്മാർത്ഥമായുള്ള ഒരു പ്രണയമുണ്ടായിരിക്കും; എന്റെ ജീവിതത്തിൽ അതവളായിരുന്നു..
എന്റെ അമ്മു.. ആദ്യമായി കണ്ട ആ നിമിഷം.. അതൊക്കെ അവൾ മറന്നിട്ടുണ്ടാവുമോ എന്തോ.. എല്ലാത്തിനും കാലം സാക്ഷി..........................'

അന്നൊരു ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിവേക്‌. പെട്ടെന്നാണ് ആ വെള്ളച്ചുരിദാറുകാരി അവന്റെ കണ്ണുകളിൽ ഉടക്കിയത്‌. പറയത്തക്ക സുന്ദരിയൊന്നുമല്ലെങ്കിലും അവനെന്തോ അവളെത്തന്നെ നോക്കിനിന്നു. വിവാഹം തീരുന്നതുവരെ അവളിൽ തന്നെയായിരുന്നു അവന്റെ കണ്ണുമുഴുവൻ. ഇടക്കെപ്പൊഴൊ അവളും അവനെ നോക്കി. കല്യാണം കഴിഞ്ഞ്‌ വീട്ടിൽ എത്തിയിട്ടും കിടക്കുമ്പോഴും പഠിക്കുമ്പോഴുമെല്ലാം അവളുടെ ഓർമ്മകൾ തന്നെ അവനെ അലട്ടിക്കൊണ്ടിരുന്നു. അവളെക്കുറിച്ച്‌ നേരിട്ട്‌ വീട്ടിൽ അന്യേഷിക്കാനുള്ള ധൈര്യം അവനില്ലായിരുന്നു. അങ്ങനെയിരിക്കെ ഹയർസെക്കന്ററികഴിഞ്ഞ്‌ വിവേക്‌ പുതിയ കോളേജിൽ അഡ്മിഷൻ കിട്ടിനിൽക്കുന്നസമയം, പുറത്തൊരു സ്ത്രീശബ്ദം കേട്ട്‌ വിവേക്‌ വെളിയിലേക്കെത്തിനോക്കി. ആ പഴയ വെള്ളച്ചുരിദാറുകാരി! കൂടെ അമ്മയും. ആദ്യം അവന് ഞെട്ടലായെങ്കിലും പിന്നെ വിഷമമാണ് തോന്നിയത്‌. 'ഒരുവിധം മറന്നിരുന്നതാ.. ഇനി കാണാൻ ശ്രമിക്കെണ്ടെന്നും.. പക്ഷേ.. ഓർമ്മിപ്പിക്കാൻ വീണ്ടും..'
എന്നാൽ ഇത്തവണ തന്റെ ഇഷ്ടം അവളോട്‌ തുറന്ന് പറയാൻ തന്നെ വിവേക്‌ തീരുമാനിച്ചു. പിന്നീടാണറിഞ്ഞത്‌ അവൾ തങ്ങളുടെ ബന്ധുവാണെന്നും അടുത്ത വീട്ടിൽ താമസത്തിനെത്തിയതാണെന്നും. അവന്റെ ഭാഗ്യത്തിന് വകയിൽ അവൾ സഹോദരിയൊന്നും അല്ലായിരുന്നു!
അവൾ തന്റെ വീട്ടിന്റെ സിറ്റൗട്ടിൽ ഒറ്റക്ക്‌ നിൽക്കുന്നതക്കം നോക്കി വെവേക്‌ അവളുടെ അടുത്ത്‌ ചെന്നു.

"എന്താ പേര്?"
"പ്രിയ..", അവൾ ഒരു ചെറു ചിരിയോടെ മറുപടി പറഞ്ഞു.
"പിന്നെന്തോ അമ്മൂന്നോ മറ്റോ വിളിക്കുന്നത്‌ കേട്ടല്ലൊ?"
"ഓ.. അതെന്റെ വീട്ടിലെ പേരാ.. എന്താ പേര്? എന്ത്‌ ചെയ്യുന്നു?
"എന്റെ പ്പേരു വിവേക്‌.. വിവി എന്ന് വിളിക്കും.. പുതിയ കോളേജിൽ അഡ്മിഷൻ കിട്ടിനിൽക്കുന്നു.. "
ആ സംഭാഷണം കുറച്ചു നേരം കൂടി തുടർന്നു. ഇതിനുള്ളിൽ അവൾ തന്റെ അതേ കോളേജിൽ അതേ ക്ലാസ്സിൽ തന്നെയാണ് അഡ്മിഷൻ എടുത്തിരിക്കുന്നതെന്നറിഞ്ഞപ്പോൾ അവൻ വല്ലാതെ  ആശ്ചര്യപ്പെട്ടു; അവളും. എന്നാൽ ഇതിനിടയിലൊന്നും അവന് തന്റെ ഇഷ്ടം അറിയിക്കാൻ തോന്നിയില്ല. ഇഷ്ടപ്പെടേണ്ടിയിരുന്നില്ല, അല്ലെങ്കിൽ അടുത്തു മിണ്ടേണ്ടിയിരുന്നില്ലെന്ന് അവനുതോന്നി.

മീനച്ചൂടും മേടത്തിലെ വിഷുപ്പുലരികളും കഴിഞ്ഞ്‌ പ്രതീക്ഷയുടെ ഇടവപ്പാതിയെത്തി. മുറ്റത്തെ പൂവണിയാത്ത ചെമ്പനീർച്ചെടിക്ക്‌ യാത്രയും പറഞ്ഞ്‌ വിവേക്‌ പുതിയ കോളേജിലെക്ക്‌ യാത്രയായി; കൂടെ അമ്മുവും. നനുത്തമഴയിൽ പാടവരമ്പിലൂടെ അവളുടെ പിറകേ കുടയും ചൂടി നടക്കുമ്പോൾ തണുത്ത കാറ്റ്‌വീശുന്നുണ്ടായിരുന്നു. പുൽച്ചെടികളിലൂം ചേമ്പിലകളിലുമുള്ള മഞ്ഞുതുള്ളികൾ കാറ്റത്തുലഞ്ഞ്‌ അവരുടെ കാലുകൾ കുളിർപ്പിച്ചുകൊണ്ടിരുന്നു. അവന്റെ മനസ്സിലും നവ്യാനുഭൂതിയുടെ മറ്റൊരുകുളിർമ്മഴ പെയ്യുകയായിരുന്നു അപ്പോൾ. കാലം കടന്നുപോയ്‌. വർഷാർദ്ധങ്ങൾ ദിവസങ്ങൾപോലെ മിന്നിമറഞ്ഞു. ഒപ്പം അവരുടെ സൗഹൃദവും വലുതായി. വെറും സുഹൃത്തുക്കളിൽനിന്ന് ഇണപിരിയാത്ത ഉറ്റസുഹൃത്തുക്കളാവാൻ അവർക്ക്‌ അധികം സമയം വേണ്ടിവന്നില്ല. ഒഴിവ്‌സമയങ്ങളിലെ പഠനവും ചർച്ചയുമെല്ലാം അവർ ഒരുമിച്ചുചിലവഴിച്ചു. തുറന്ന പുസ്തകത്താളിനുമുന്നിൽ ശാസ്ത്രവും, സാങ്കേതികവിദ്യയും കായികവും, സിനിമയും, പ്രണയവുമെല്ലാം അവർക്ക്‌ ചർച്ചാവിഷയങ്ങളായി. സൗഹൃദത്തിന്റെ ആഴം കൂടും തോറും അവന്റെ മനസ്സിൽ തെന്റെ ഇഷ്ടം തുറന്നുപറയാനുള്ള ഭയം വർദ്ധിച്ചുകൊണ്ടിരുന്നു. 'നീയില്ലാതെ എന്റെ ജീവിതം പൂർണ്ണമാവില്ല.. എനിക്കിഷ്ടമാണ്..
ഒരിക്കലെങ്കിലും മനസ്സ്‌ തുറക്കണമെന്നുണ്ട്‌.. പക്ഷെ നീയിങ്ങനെയൊന്നും ചിന്തിക്കുന്നില്ല; ഒരുറ്റസുഹൃത്തിലുപരി.. എനിക്കറിയാം.. മനസ്സിൽ ഇങ്ങനൊരു സ്നേഹവും കരുതിക്കൊണ്ടായിരുന്നൊ സൗഹൃദത്തിനുവന്നതെന്നൊരു ചോദ്യം നീ ചോദിച്ചാൽ എനിക്കൊരുത്തരം നൽകാൻ കഴിയില്ല.. നീയറിയാതെ നിന്നെ പ്രണയിക്കാൻ എനിക്കിഷ്ടമാണ്. കാരണം  ഒരു സുഹൃത്തെന്ന നിലയിൽപോലും നിന്നെ നഷ്ടപ്പെടുന്നകാര്യം എനിക്കോർക്കാൻ കഴിയുന്നില്ല..'

അങ്ങനെ കോളേജിലെ അവസാന സെമെസ്റ്ററായി. കലാലയജീവിതം കഴിഞ്ഞാൽ അമ്മുവും അവളുടെ കുടുംബവും തിരിച്ച്‌ അവരുടെനാട്ടിൽ പോവുമെന്ന് വിവേകിനുറപ്പായിരുന്നു. അതിനാൽ തിരികെ പോകുന്നാ ദിവസങ്ങളിൽ തന്റെ ഇഷ്ടം തുറന്ന് പറഞ്ഞാൽ ശേഷം ഒരു പക്ഷെ സൗഹൃതത്തിനു അകൽച്ചയുണ്ടായാലും പിന്നീടൊരിക്കലും അവളെ അഭിമുഖീകരിക്കേണ്ടിവരില്ലെന്നവൻ വിശ്വസിച്ചു. ആ ഒരു ദിവസത്തിനായ്‌ അവൻ കാത്തിരുന്നു. അവസാന സെമെസ്റ്റെറിലെ അവസാന പരീക്ഷകഴിഞ്ഞ്‌ കോളേജിന്റെ ഇടനാഴികളിലൂടെ തിരിച്ചുവരുമ്പോൾ ആ പഴയ അഡ്മിഷൻ ദിനമാണവൻ ഓർത്തത്‌. 'അന്നാ കോരിച്ചൊരിയുന്ന മഴയത്ത്‌ തണുത്ത്‌വിറച്ച്‌ നനഞ്ഞ ഷർട്ടുമായിതിലേവരുമ്പോൾ അമ്മുവുമുണ്ടായിരുന്നു.' അവൻ ഒരു വശം തിരിഞ്ഞവളെ നോക്കി. അവൾ ബാഗും കൈപ്പിടിയിലൊതുക്കി കൂടെത്തന്നെയുണ്ടായിരുന്നു; അന്നത്തേപ്പോലെതന്നെ. ഇപ്പൊ തിരിച്ചിറങ്ങുകയാണെന്ന വ്യത്യാസം മാത്രം! 'മൂന്ന് വർഷം മൂന്നാഴച്ചകൾ പോലെ കൊഴിഞ്ഞുപോയി.. ഇടക്ക്‌ കുറച്ച്‌ സൗഹൃദങ്ങൾ; കലാലയം സമ്മാനിച്ച്‌ ഏറ്റവും വലിയ സ്വത്തുക്കൾ.. പൊട്ടിച്ചിരിച്ച തമാശകൾ.. ചെറുതും വലുതുമായ പിണക്കങ്ങൾ, അത്‌ കഴിഞ്ഞുള്ള ഇണക്കങ്ങൾ.. കളിച്ചു ചിരിച്ചുല്ലസിച്ച‌ ക്ലാസ്മുറികൾ.. അതിനിടയിൽ കോളേജ്‌ വരാന്തകളിലൂടെ എത്രയെത്ര പ്രണയങ്ങൾ.. പ്രണയനൊംമ്പരങ്ങൾ.. വിങ്ങലുകൾ.. പരാജിതരുടെ നിശബ്ദ തേങ്ങലുകൾ.. എല്ലാതിനും സാക്ഷ്യം വഹിച്ച കോളേജ് ഇടനാഴികൾ‌.. ഞാനും അമ്മുവും പിന്നെ ഞങ്ങളുടെ ബ്രാഞ്ചുമില്ലാത്ത പുതിയൊരദ്ധ്യയനവർഷവും കാത്ത്‌.." കോളേജിലെ അവസാന ദിനത്തിന്റെ സെലിബ്രേഷനും കഴിഞ്ഞ്‌ വീട്ടിലെത്തിയിട്ടും അവന്റെ മനസ്സിൽ ആ പഴയ ദിനങ്ങളായിരുന്നു ഉടക്കിനിന്നിരുന്നത്‌. ഇനിയതൊന്നുമില്ലല്ലൊ. കൂട്ടുകാരുടെ ചിരിയും തമാശയും ചർച്ചയും കോളേജ്‌ ബെല്ലും ക്ലാസ്‌ കട്ടും ഒന്നുമില്ലാത്ത  ദിവസങ്ങൾ..

അന്നൊരിക്കൽ വിവേക്‌ ഉമ്മറത്തെ ചാരുകസേരയിൽ വെറുതേയിരിക്കുകയായിരുന്നു. അപ്പോഴാണ് പോസ്റ്റ്മാന്റെ വരവ്‌. വിദേശത്തെ പുതിയ ജോലിയെക്കുറിച്ചുള്ളതായിരുന്നു ആ ലെറ്ററിൽ. അവനാദ്യം തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. "ഇത്ര പെട്ടെന്നൊരു ജോലിയൊ? അതും ആദ്യ ഇന്റർവ്യൂവിൽ.. ഇതോടൊപ്പം യു.എസ്സെന്ന സ്വപ്നവും കൂടി പൂവണിയുകയാണ്!" അവൻ കത്തുമായി അമ്മയുടെ അടുത്തേക്കോടി. അമ്മക്ക്‌ വളരെ സന്തോഷമായി. രാത്രി അച്ചന്റെ വകയിൽ അഭിനന്ദനവും കൂടെ കുറെ ഉപദേശങ്ങളും അവനെ തേടിയെത്തി.
പിറ്റേന്ന് ഒരു ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടാണ് വിവേക്‌ ഉറക്കമുണർന്നത്‌, 'ബൈക്കാക്സിഡന്റിൽ അമ്മുവിന്റെ അച്ചനുമമ്മയും മരിച്ചിരിക്കുന്നു!' അവൻ വേഗം ഏപ്രിൽ ഒന്നാണോയെന്ന് കലെണ്ടറിൽ പരതി.. അല്ല.. സംഭവം സത്യമാണ്! അപ്പുറത്ത്‌ ആളുകൾ കൂടുന്നത്‌ അവൻ കണ്ടു. ബന്ധുക്കലുടെ ഇടയിൽ വാവിട്ടു നിലവിളിക്കുകയാണ് അമ്മു. അൽപസമയം കഴിഞ്ഞപ്പോൾ ആംബുലൻസ്‌ വന്ന് മുറ്റത്തുനിന്നു. വൈകുന്നേരമായപ്പോൾ ശവസംസ്കാരം കഴിഞ്ഞാളുകളൊഴിഞ്ഞു .
അടുത്തറ്റുത്തായി രണ്ട്‌ ശവക്കല്ലറകൾ.. പൊയ്പോയകാൽത്തിന്റെ ഓർമകളുടെ സുഷുപ്തിയിൽ..
വിവേക്‌ ഒറ്റക്കിരിക്കുന്ന അമ്മുവിനരികിലേക്ക്‌ ചെന്നു. അവൾ അവന്റെ കൈപിടിച്ച്‌ വിതുമ്പിക്കരഞ്ഞു. അവനെങ്ങനെ അവളെ ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു. അവൻ വെറുതെ അവളുടെ കയ്യിൽ മുറുകെപ്പിടിച്ചു. ഒരാഴ്ചക്കുമുൻപ്‌ അമ്മുവിന്റെയച്ചൻ തമാശക്ക്‌ പറഞ്ഞതവന്റെ കാതുകളിൽ മുഴങ്ങി"നിന്നേക്കൊണ്ടമ്മൂനേ കെട്ടിച്ചാൽ പിന്നെ ഞങ്ങക്ക്‌ ശ്രീധനവും നോക്കേണ്ടല്ലൊ.. ഓ.. ഇനി നിങ്ങടെ മനസ്സിലെന്താണെന്നാർക്കറിയാം.. ഉം.. അമ്മു അമ്പലത്തി പോയിരിക്കുവാ.. അല്ലേൽ എന്നേയിപ്പൊ നുള്ളിപ്പിച്ചിയേനെ.! ഹഹഹ.." ആ ചിരി അവന്റെ കാതിലാകെയലയടിച്ചു.. ഒരു നെടുവീപ്പോടവൻ കണ്ണുകളിറുക്കിയടച്ചു.
മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ്‌ അമ്മു ഇളയമ്മയുടെ കുടുമ്പത്ത്‌ താമസമാക്കി. വിസയുടെ സമയപരിമിതിയും വീട്ടിലെ സാമ്പത്തികപ്രതിസന്ധികളും അവനെ വിദേശത്തിലേക്ക്‌ ധൃതിയിൽ പോകാൻ നിർബന്ധിതനാക്കി. പറയാതെപോയ ആയിരം പ്രണയവാക്കുകളുടെ നൊമ്പരം ഒരു യാത്രാമൊഴിയിലൊതുക്കി അവൻ യാത്രയായ്‌.

യു എസ്സ്‌.. അവസരങ്ങളുടെ വിശാലമായ തീരം. ഒരു ജോലിയെന്നതിനു പുറമെ വിവേകിനു തന്റെ ജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി യാദാർദ്ധ്യമാവുകയാണ്. യു. എസ്സ്‌ എന്ന സ്വപ്നം. ഒരു സർക്കാരുദ്ദ്യോഗസ്തനായ അച്ചനു സമ്പാദിക്കാൻ കഴിഞ്ഞത്‌ രണ്ട്‌ ബെഡ്‌ റൂമും ഒരു ഹാളും അടുക്കളയുമടങ്ങിയ ഒരു ചെറിയ വീടും ഒരു സ്കൂട്ടറുമായിരുന്നു. അഴിമതിക്കും കൈക്കൂലിക്കും എതിരെ നിന്ന അദ്ധേഹത്തിന്റെ പാതയിൽ നിന്നുകൊണ്ട്‌തന്നെ കുറച്ചധികം സമ്പാദിക്കണമെന്നത്‌ വിവേകിന്റെ ഒരു ലക്ഷ്യമായിരുന്നു. പുതിയ ചുറ്റുപാടിനോടും ജോലിയോടും പൊരുത്തപ്പെടാൻ വിവിക്ക്‌ കുറച്ച്‌ സമയം വേണ്ടിവന്നു. ആ കാലയളവിൽത്തന്നെ അവന് നല്ല കുറച്ച്‌ കൂട്ടുകാരേയും ലഭിച്ചു. ഒഴിവുസമയങ്ങളെല്ലാം സുഹൃത്തുക്കളുമായ്‌ ചിലവഴിച്ചു, രാത്രിയിൽ റൂമിൽ തനിച്ചാവുമ്പോഴാണ് പ്രവാസിജീവിതത്തിന്റെ കയ്പ്പ്‌നിറഞ്ഞ ഗൃഹാതുരത്വം അവനെ അസ്വസ്തനാക്കാൻ തുടങ്ങിയത്‌. ജനാലയിലൂടവൻ സമ്പന്നതയുടെ നാട്ടിലെ രാത്രിക്കാഴ്ച നോക്കിക്കണ്ടു. 'പ്രവാസിജീവിതം.. ലൈഫിലെ അടുത്ത വഴിത്തിരിവ്‌.. ഇക്കരെനിൽക്കുമ്പോളക്കരപ്പച്ച എന്നു പറഞ്ഞപോലെ നാട്ടിലേ ഓർമകളുമയവിറക്കി ഇവിടെ തനിച്ച്‌ കഴിയുന്നത്‌ ദുരിതപൂർണ്ണമാകുമെന്നറിഞ്ഞിരുന്നില്ല. ഈ ഏകാന്തതയിൽ നിന്റെ, എന്റെ അമ്മുവിന്റൊർമ്മകളാണെന്നെ ഏറ്റവും അസ്വസ്തനാക്കുന്നത്‌. പിന്നീടമ്മ.. അച്ചൻ.. അമ്മുവിന്റെ മതാപിതക്കളുടെ മരണം.. എല്ലാം ഒരു ദുസ്വപ്നം പോലെ മനസ്സിലേക്കോടിയെത്തുകയാണ്. ഏത്‌ സങ്കടത്തിലും അമ്മ ഒരാശ്വാസമായിരുന്നു.. എന്നാൽ ഇപ്പൊ അമ്മയും.. വിരഹമാണെല്ലാദുഃഖത്തിന്റേയുമടിത്തറയെന്നെവിടെയോ വായിച്ചിട്ടുണ്ട്‌. അതിപ്പോൾ യാദാർദ്ധ്യമായിക്കൊണ്ടിരിക്കുന്നു.. അവളിപ്പൊ എവിടെങ്കിലുമിരുന്ന് കരയുന്നുണ്ടാവും.. നീയൊറ്റക്കല്ല, നിന്റെയൊപ്പം ജീവിതത്തിൽ ഞാനുമുണ്ടെന്നെനിക്ക്‌ പറയണമെന്നുണ്ട്‌.. പക്ഷേ.. പക്ഷേ.... ' അവന്റെകണ്ണിൽനിന്നൊരുത്തുള്ളി അശ്രു താഴേക്കുപതിച്ചു..

രണ്ടരവർഷം വിവേക്‌ യു. എസ്സിൽ കഴിച്ചുകൂട്ടി. ആദ്യമൊക്കെ ദിവസേന നടത്തിയിരുന്ന നാട്ടിലേക്കുള്ള ഫോൺകാൾസ്‌ പിന്നെ ഒന്നും രണ്ടും ആഴചകളിലൊരിക്കലായി. അമ്മുവുമായി പലതവണ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ വെറുമൊരു ഫോൺകാളിലൂടെ തന്റെ ഇഷ്ടം പറയാനവൻ ഒരിക്കൽ പോലും ശ്രമിച്ചിരുന്നില്ല.  നീണ്ട രണ്ടരവർഷത്തിനുശേഷം വിവേക്‌ നാട്ടിൽ തിരിച്ചെത്തി. വളരെയധികം മാറ്റങ്ങൾ.. തരിശായിക്കിടക്കുന്ന പഴയ വയലിന്റെ നടുവിലൂടെനടന്നപ്പോൾ അന്ന് കോളേജിലേക്കുള്ള അമ്മുവുമായുള്ള നടത്തമായിരുന്നു അവനോർത്തത്‌. കുട്ടിക്കാലത്ത്‌ കാലിൽ തൊഴുമ്പാക്കുന്ന ബാല്യകാൽസ്മൃതികളുറങ്ങുന്ന ആ പഴയ വയൽവരമ്പുകളിന്നില്ല; അവൻ ദു:ഖത്തോടെയോർത്തു. നാട്ടിലെത്തിയിട്ട്‌ അമ്മുവിന്റെ വിവരങ്ങളായിരുന്നു വിവേക്‌ ആദ്യം തിരക്കിയത്‌. ഇളയമ്മയുടെയും കുടുംബത്തിന്റേയും കൂടെയുള്ള ജീവിതം അവൾക്കത്രക്ക്‌ സുഖകരമായിരുന്നില്ല. ഈയിടക്കെപ്പൊഴോ അവളുടെ വിവഹവും ഉറപ്പിച്ചിരിക്കുന്നു. വരൻ ചെറുപ്പക്കാരനൊന്നുമായിരുന്നില്ല. ഇളയമ്മക്കെങ്ങിനെയെങ്കിലും അവളുടെ വിവാഹം കഴിഞ്ഞാൽ മതിയായിരുന്നു. വിവാഹക്കര്യമറിഞ്ഞതിനുശേഷവും വിവേകിനു അത്ഭുതമൊ ഞെട്ടലൊ ഒന്നും തോന്നിയില്ല. എല്ലാം പ്രതീക്ഷിച്ചതുപോലെയെന്നമട്ടിൽ അവൻ കേട്ടുനിന്നു. അവൾക്ക്‌ വിവാഹത്തിൽ ഇഷ്ടമൊ അനിഷ്ടമൊ ഉള്ളതായി ആർക്കും അറിയുകയുമില്ലായിരുന്നു.


...അവസാന ഐസ്‌ക്യൂബ്‌ വീണുടഞ്ഞ ഗ്ലാസ്‌ വിവേക്‌ മെല്ലെ ചുണ്ടിലേക്കടുപ്പിച്ചു. അതെ.. ഇവൻ വിവേക്‌.. ആദ്യ പ്രണയം നഷ്ടമായ വേദന ഒരുതുണ്ട്‌ കയറിൽ ഒതുക്കാൻ തയ്യാറാവാത്തവൻ.. അധരങ്ങളുടെ മൗനത്തിനുപ്രതികാരമായി ആദ്യമായി മദ്യപിക്കുന്നവൻ.. 'നാളെ അവളുടെ വിവാഹമാണ്..
ജീവിതത്തിന്റെ നേർക്ക്‌ കണ്ണും മിഴിച്ച്‌ നിന്നവനെ ആകാശം നോക്കി സ്വപ്നം കാണാൻ പഠിപ്പിച്ചവൾ.. പ്രധിസന്ധികളിൽ ആശ്വാസമായവൾ..
ഉറ്റ സുഹൃത്തെന്ന് വിളിക്കാൻ ശീലിച്ചവൾ......
നാളെ മറ്റാരുടെയൊ സ്വന്തം.. ഇനി ആ പഴയ കലപിലായെന്നുള്ള കിളിനാദമില്ല..
പിണക്കങ്ങളും പരിഭവവുമില്ല.. കളിയാക്കുമ്പോൾ നുള്ളാനും ചെവിക്ക്‌ പിടിക്കാനുമാരുമില്ല..
ഇനിയൊരിക്കലും ആ പഴയയിഷ്ടം തുറന്ന് പറയില്ല.. എനിക്ക്‌ എന്റെയമ്മുവിന്റെ ചിരിക്കുന്നമുഖം കണ്ടാൽ മതി; ആരുടെയൊപ്പം ജീവിച്ചാലും.. ശേഷിക്കുന്നകാലം ജീവിക്കാൻ ആ ചിരിമതിയാകും..'
"വിവിച്ചേട്ടാ ദോ അമ്മുച്ചേച്ചി വിളിക്കുന്നു.." പെട്ടെന്നണ് മിനിക്കുട്ടി അതുവന്ന് പറഞ്ഞത്‌. അവൻ വേഗം വധുവിന്റെ മുറിയിലേക്ക്‌ പോയി. അവിടെ അമ്മു തനിച്ചായിരുന്നു. അവൾ ഒരു കത്തിന്റെ പൊതിപോലെയെന്തോയൊന്ന് അവന്റെ നേർക്ക്‌ നീട്ടി;
ഇങ്ങനെയൊരു മുഖവുരയോടെ: "വരുന്ന നിന്റെ പിറന്നാളിനു യു എസ്സിലേക്കയക്കാൻ വാങ്ങിയ ബിർത്ത്ഡേ വിഷെസ്‌ കാർഡാണ്.. ഇനിയൊരുപക്ഷെ തരാൻ കഴിഞ്ഞെന്ന് വരില്ല.. അഡ്വാൻസ്ഡ്‌ ഹാപ്പി ബിർത്ത്ഡേ..! "  അതുപറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അവൻ ഒരു താങ്ക്സും പറഞ്ഞ്‌ തന്റെ മുറിയിലേക്ക്‌ പോയി. മെല്ലെ കവർ ഇളക്കി അവൻ ആ മനോഹരമായ കാർഡ്‌ പുറത്തെടുത്തു. അതിനുള്ളിൽ ഒരു കുറിപ്പുണ്ടായിരുന്നു:

"പ്രിയപ്പെട്ട വിവേകിന്,
   അന്നത്തെ ആ കല്യാണദിനം നീ ഓർക്കുന്നുണ്ടൊ..? ഞാൻ ആദ്യമായി നിന്നെക്കണ്ട ദിവസം. ആദ്യം ചെറിയൊരിഷ്ടം തോന്നിയെങ്കിലും പിന്നീടത്‌ മറക്കാൻ കഴിയാത്ത പ്രണയമാകുമെന്നൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ നമ്മൾ ഒരു നിയോഗം പോലെ വീണ്ടും കണ്ടുമുട്ടി. കാലം നമ്മളെ അടുത്തസുഹൃത്തുക്കളാക്കി. പലപ്പോഴും എന്റെയിഷ്ടം തുറന്ന് പറയാനൊരുങ്ങിയതാണു. എന്നാൽ കഴിഞ്ഞില്ല. എനിക്കുറപ്പായിരുന്നു, ഒരു സുഹൃത്തെന്നതിലുപരി മറ്റൊരുരീതിയിൽ നീയെന്നെ കണ്ടിരുന്നില്ല. മനസ്സിൽ പ്രണയം സൂക്ഷിച്ച്‌ നിന്നോട്‌ കൂട്ട്‌കൂടിയത്‌ തെറ്റാണോയെന്നറിയില്ല. എന്നാൽ അതിലൊരിക്കലും ഞാൻ പശ്ചസ്തപിച്ചിട്ടില്ല. കാരണം നിന്നോടൊപ്പമുള്ള നിമിഷങ്ങളായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയം. നിനോടുള്ള ഇഷ്ടം തെറ്റായിപ്പോയെങ്കിൽ ക്ഷമിക്കില്ല്യേ? ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു...
സന്തോഷജന്മദിനാശംസകളോടെ,
                      -പ്രിയ(നിന്റെ അമ്മു) "


കണ്ണുനീർ അവന്റെ കണ്ണിൽനിന്നും ധാരയായൊഴുകി..
.......................................................................................................
പിറ്റേദിവസം വെള്ളകീറി..

രംഗം : കുറച്ചകലെ ഒരു പട്ടണത്തിലെ വിവാഹ-രെജിസ്സറോഫീസ്‌.. അതിനുള്ളിൽ കുറച്ച്‌ സുഹൃത്തുക്കൾക്കൊപ്പം വിവേകും, പിന്നെ.... അമ്മുവും...


(ശുഭം)