Thursday 26 December 2013

അയാൾ !

പുറത്ത്‌ നല്ല മഴ. ഇരുളറക്കിടയിലൂടെയുള്ള മഴക്കാഴ്ച്ച.. ആദ്യമൊക്കെ പുതുമയായിരുന്നുവെങ്കിലും ഇപ്പോൾ ഇതും വിരസതയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. മരച്ചില്ലകളിൽനിന്ന് മഴക്കിളികളുടെ കലപിരാരവം. മഴയുടെ സംഗീതത്തിൽ അവയുടെ സ്വരം അമർന്നുപോയിരിക്കുന്നു. മുൻപിലത്തെ സെല്ലിൽ ബീരാനിക്ക ഇപ്പോൾ മയങ്ങിയിട്ടുണ്ടാവും. മഴയിൽ ലയിച്ചങ്ങനുറങ്ങാൻ ഒരു സുഖാത്രേ! "ബീവീടെ ദീനോം, തീരാത്ത ദാരിദ്ര്യൊം കൂടിയായ്പ്പൊ ഒരു കള്ളക്കടത്ത്‌ കച്ചോടം. പിടിക്കപ്പെട്ടപ്പൊ സംഘം ഒറ്റി. ഒന്നുകിൽ നഷ്ടപരിഹാരം, അല്ലെങ്കിൽ കുറ്റം സ്വയം ഏറ്റെടുക്കുക. ഒടുവിൽ ഓൾടെ ദെണ്ണത്തിനും താൽക്കാലിക ചിലവിനും കൂടി ഒരു തുക തരാന്നു പറഞ്ഞപ്പോൾ അവരുടെ നിർബന്ധത്തിനു വഴങ്ങി കുറ്റം തലക്കൽ വച്ച്‌ കെട്ടി. ദുരഭിമാനത്തിന്റെ കണക്ക്‌ പറയാനോ, ശിക്ഷയിളവ്‌ ചെയ്യാനോ മകൻ എന്ന് പറേണ കണ്ണിച്ചോരയില്ലാത്തോൻ വരില്ലെന്നുറപ്പായിരുന്നു. വന്നതുമില്ല. ഓൾടേം എന്റേം ശവം പോലും അതുങ്ങളെ കാണിക്കില്ല "
ബീരാനിക്കയുടെ മകനും ഭാര്യയും പുറത്ത്‌ പോയിട്ട്‌ വർഷങ്ങളായി. നാട്ടിലേക്കുള്ള വരവ്‌ പോയിട്ട്‌ ഒരു ഫോൺകാൾ പോലുമില്ല. ഇതുപോലെയെത്രയെത്ര കഥകൾ. ഇവയൊക്കെ കേട്ടാൽ തോന്നും നല്ലവർ മുഴുവൻ ഇതിനുള്ളിലാണെന്ന്!

മഴ വീണ്ടും ഉറക്കുകയാണ്. തണുത്തകാറ്റ്‌ മുളംകുറ്റിയിലൂടെ ഒഴുകുമ്പോൾ അവ്യക്തമായേതോ ഓടക്കുഴൽനാദം. ഗൊവിന്ദേട്ടൻ ഇപ്പോൾ പോയിട്ടുണ്ടാവും. ഇന്നാണു അയാളുടെ ശിക്ഷ തീരുന്നത്‌. ഇന്ന് തരപ്പെട്ടില്ലങ്കിലോ എന്ന് കരുതി പുള്ളിക്കാരൻ ഇന്നലെയെ യാത്രാമൊഴി പറഞ്ഞിരുന്നു. വന്നിട്ട്‌ ഇപ്പോൾ രണ്ടാഴ്ചയാകുന്നു. അതിനുള്ളിൽ എനിക്കിത്രയധികം സൗഹൃദങ്ങൾ. എല്ലാം ഇവിടുള്ളവരുടെ സമീപനം. അല്ലെങ്കിൽ എന്റെ പ്രശ്നങ്ങൾ കുറച്ചെങ്കിലും മറക്കാൻ കഴിയുമായിരുന്നോ?! അല്ലെങ്കിൽ തന്നെ ജീവിതത്തിലെല്ലാം നഷ്ടപ്പെട്ടവനിനിയെന്ത്‌ പ്രശ്നങ്ങൾ.. തെളിഞ്ഞ ആകാശം പോലെ മനസ്സ്‌ ശൂന്യം.
ഭിത്തിയോരം ചേർന്നിരിക്കുമ്പോൾ നേർത്ത തണുപ്പ്‌. ശരീരവും മനസ്സും ഒരുപോലെ മരവിച്ചിരിക്കുന്നു. ഒരിക്കലും ഇങ്ങനെയൊരു വഴിത്തിരിവ്‌ പ്രതീക്ഷിച്ചിരുന്നില്ല.. ഒരിക്കലും.. ജീവിതത്തിന്റെ കുത്തൊഴുക്കിൽ ഏതോ തടയിണയിൽപ്പെട്ട്‌ ഞാനെന്നതോണി. കൂടെയുണ്ടായിരുന്ന കുട്ടികൾ തുമ്പിയുടെ വാലിൽ നൂൽകെട്ടി രസിക്കുമ്പോൾ വിഷമത്തോടെയന്ന് മാറിനിന്ന ആ പഴയ എട്ട്‌ വയസ്സുകാരന് ഇങ്ങനെയൊക്കെയാകാൻ കഴിയുമോ?!

കല്യാണം കഴിഞ്ഞ്‌ സുഹൃത്തുക്കളെയെല്ലാം അസൂയാലുക്കളാക്കിയ ദമ്പതികൾ! എന്റെ ആദ്യ പെണ്ണുകാണലിൽതന്നെ നടന്ന വിവാഹം. ആദ്യമായി അവളെ കണ്ടപ്പോൾ ഫോട്ടോയിൽ കാണുന്ന സൗന്ദര്യമൊന്നും നേരിട്ടില്ലായിരുന്നു.  അവളുടേയും കൂടി ആദ്യ പെണ്ണുകാണൽചടങ്ങായിരുന്നിട്ടും ഞങ്ങൾ വളരെ തുറന്ന് സംസാരിച്ചു. മുൻപ്‌ ഒരു പ്രണയമുണ്ടായിരുന്നെന്നും വീട്ടിലറിഞ്ഞ്‌ പ്രശ്നങ്ങളായപ്പോൾ പിരിഞ്ഞെന്നും അയാൾ വേറെ വിവാഹം കഴിച്ചെന്നും പറഞ്ഞപ്പോൾ ആദ്യം എനിക്കത്‌ സ്വൽപം ബുദ്ധിമുട്ടായി തോന്നി.  ജീവിതത്തിലന്നേവരെ പ്രണയമെന്തെന്നറിഞ്ഞിട്ടില്ലാത്തവന് അതിലെങ്ങനെ ബുദ്ധിമുട്ട്‌ തോന്നാതിരിക്കും.?! തുറന്ന് പറയാൻ കഴിയാതെപോയ എത്ര ഇഷ്ടങ്ങൾ,  മാനം കാട്ടാതെ പുസ്തകത്താളിലടക്കപ്പെട്ട മയിൽപീലിത്തുണ്ടുകൾ..
ഓർമ്മകളിലെവിടെയൊ കേട്ടുമറന്ന കുപ്പിവളക്കിലുക്കം.. മുല്ലപ്പൂസുഗന്ധം.. തുളസിക്കതിരിന്റെ നൈർമല്യത.. 'പ്രകടമാക്കാത്ത സ്നേഹം പിശുക്കന്റെ ക്ലാവ്‌ പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യമാണെന്ന്' വൈകിയാണു ഞാൻ മനസ്സിലാക്കിയത്‌. പലവശത്തുനിന്നും  ആലോചിച്ചു. ഒടുവിൽ അവളെത്തന്നെ നിറഞ്ഞമനസ്സോടെ സ്വീകരിച്ചു. രണ്ടാഴ്ച്ചക്കുമുൻപുള്ള ആ വ്യാഴാഴ്ച്ചവരെ സന്തോഷകരമായ ദാമ്പത്തിക ജീവിതം. ജീവിതത്തിന്് ഒരർത്ഥമുണ്ടായി എന്ന് ഞാൻ കരുതിയ നാളുകൾ. ഒടുവിൽ എല്ലാം അവസാനിപ്പിച്ച്‌ ഒരു വെള്ളിയാഴ്ചദിനം..  നേരത്തേ  തീരുമാനിച്ചുവച്ചിരുന്ന ഫ്രൈഡേ ടൂർ എം.ഡി പെട്ടെന്ന് ക്യാൻസൽ ചെയ്തപ്പോൾ വീട്ടിലേക്ക്‌ വിളിച്ചുപറയാതെ അവൾക്കൊരു സർപ്പ്രൈസ്‌ ആകട്ടേയെന്ന് കരുതി. അവളേയൊന്നു ഞെട്ടിപ്പിക്കാമെന്ന് കരുതി അടുക്കളവാതിലിലൂടെ അകത്ത്‌ുകയറിയ ഞാൻ ആ കാഴ്ച്ചകണ്ട്‌ ഒരു നിമിഷം നിന്നു! ബെഡ്‌റൂമിൽ നിന്നിറങ്ങിവരുന്ന ചെറുപ്പക്കാരനും പിറകെ അർത്ഥനഗ്നയായി അവളും!! പെട്ടെന്നെന്തു ചെയ്യണമെന്നറിയാത്ത നിമിഷങ്ങൾ. കണ്ട സിനിമകളിലൊ വായിച്ച കഥകളിലൊ അപരിചിതമായ സന്ദർഭം.. ഹൃദയമിടിപ്പ്‌ ഒരുനിമിഷം കൊണ്ട്‌ ഇരട്ടിയുടെ ഇരട്ടിയായി; ഒപ്പം അസഹ്യമായ നെഞ്ചുവേദനയും. പതിയെ ഞാൻ നിലത്തിരുന്നു. ഒരു നിമിഷത്തേക്ക്‌ സ്വബോധം പൂണ്ണമായി എനിക്ക്‌ നഷ്ടപ്പെട്ടു. കുറച്ചുസമയത്തിനുശേഷം ഞാൻ കണ്ണുതുറന്നു. നിലത്തു തന്നെയായിരുന്നു അപ്പോഴും. അവളറിയാതെ അവളുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണും കൈക്കലാക്കി വീടിനു പുറത്തിറങ്ങി. വിശദമായി തിരഞ്ഞപ്പോൾ ഒരിക്കൽ പിരിഞ്ഞു എന്ന് പറഞ്ഞ പ്രണയത്തിന്റെ അറ്റുപ്പോവാത്ത, ഇന്നും തുടരുന്ന ബന്ധത്തിന്റെ കഥയാണെന്റെ മുൻപിൽ തെളിഞ്ഞത്‌. അവനെക്കുറിച്ച്‌ കൂടുതൽ അന്യേഷിച്ച്പ്പോൾ ഭാര്യ ഉപേക്ഷിച്ച്‌ അയാൾ ഒറ്റക്കാണെന്ന് അറിഞ്ഞു. സ്വയം ഒരു വിഡ്ഡിയായെന്ന തോന്നൽ മനസ്സിൽ കൂടുതൽ കൂടുതൽ ആഴത്തിൽ പതിഞ്ഞുകൊണ്ടിരുന്നു. കൊല്ലണമെന്ന് വിചാരിച്ചിരുന്നില്ലങ്കെലും അയാളെ ഗോഡൗണിലേക്ക്‌ വിളിച്ചുവരുത്തിയതും സ്വയരക്ഷക്ക്‌ കരുതിയ കത്തിയെടുത്തതും എല്ലാം തികച്ചും യാന്ത്രികമായിരുന്നു. ശരീരത്തിന്റെ നിയന്ത്രണം പൂണ്ണമായും നഷ്ടപ്പെട്ട നിമിഷങ്ങൾ..
നിയമത്തിനു കീഴടങ്ങും മുൻപ്‌ ഒരു ഡിവോഴ്സിനുള്ള്‌ നോട്ടീസ്‌ അവൾക്കയക്കാൻ മറന്നില്ല.
ഒരു ചോദ്യം ഇപ്പോഴും ബാക്കിനിൽക്കുന്നു; ഇങ്ങനെയൊക്കെ ആകാനായിരുന്നുവെങ്കിൽ അവളെന്തിനു വിവാഹത്തിനുമുൻപ്‌ എല്ലാം തുറന്നുപറഞ്ഞു..??
..............................................................

വാർഡന്റെ വിളികേട്ട്‌ 'അയാൾ' പെട്ടെന്ന് ഞെട്ടി എണീറ്റു.
"ടൊ.. തന്നെ കാണാൻ ഒരു യുവതി വന്നു നിൽക്കുന്നു.. എണീറ്റ്‌ വാ വേഗം"
മഴ കുറേയൊക്കെ തോന്നിരുന്നു. കുറ്റിത്താടി തടവിക്കൊണ്ട്‌ അയാൾ മെല്ലെ എണീറ്റു. ഒരു നൂറായിരം ചോദ്യങ്ങൾ അയാളുടെ കണ്ണിലൂടെ മിന്നിമറഞ്ഞു. ദൂരെയെവിടെയൊ ഒരു ബലിക്കാക്കയുടെ സ്വരം അലയടിച്ചു. കയ്യിൽ വീണ മഴത്തുള്ളി തുടച്ചുകൊണ്ട്‌ അയാൾ മെല്ലെ മുന്നോട്ട്‌ നടന്നു.

കടപ്പാട്‌ / ആശയം :  അടുത്തിടെ വായിച്ച ഒരു പത്രവാർത്തയുടെ തലക്കെട്ടിന്.

14 comments:

  1. കൊള്ളാം കേട്ടോ
    വാര്‍ത്തകള്‍ അതിവിചിത്രമായി വന്നുകൊണ്ടിരിക്കുന്നു
    എല്ലാം കഥകളെക്കാള്‍ അവിശ്വസനീയം

    ReplyDelete
    Replies
    1. അതെ
      ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു!
      സന്ദർശത്തിനും അഭിപ്രായത്തിനും നന്ദി..

      Delete
  2. അവിശ്വസനീയതയുടെ ആകെത്തുകയാണ് ജീവിതം. ഒട്ടുമിക്കപേരും നറ്റന്മാരെപ്പോലെ വേഷം കെട്ടിയാടുന്നു..

    ReplyDelete
    Replies
    1. അവിശ്വസിനീയതയുടെ ആകെത്തുകയാണു ജീവിതം
      സത്യം..
      സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി.

      Delete
  3. വളച്ചു കെട്ടില്ലാതെ പറഞ്ഞ കഥ. ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ ഒന്ന് നിരീക്ഷിച്ചാല്‍ മാത്രം മതി ഇത് പോലെ എത്ര നടുക്കുന്ന യാഥാര്‍ത്യങ്ങള്‍ .. കൂടുതല്‍ പേര്‍ വായിക്കട്ടെ ഈ കഥ .

    ReplyDelete
    Replies
    1. നന്ദി!
      വീണ്ടും ഇതുവഴി വരൂ..

      Delete
  4. കഥ വായിക്കുന്നവര്‍ക്ക് കഥ യാഥാര്‍ത്യങ്ങള്‍ പോലെ തോന്നിപ്പിക്കണം ഒരു പരിധി വരെ കഥാ കൃത്തിന് അതിന് കഴിഞ്ഞിട്ടുണ്ട് ആശംസകള്‍

    ReplyDelete
  5. കഥ വായിക്കുന്നവര്‍ക്ക് കഥ യാഥാര്‍ത്യങ്ങള്‍ പോലെ തോന്നിപ്പിക്കണം ഒരു പരിധി വരെ കഥാ കൃത്തിന് അതിന് കഴിഞ്ഞിട്ടുണ്ട് ആശംസകള്‍

    ReplyDelete
    Replies
    1. thankyu!
      വീണ്ടും ഇതുവഴി വരൂ..

      Delete
  6. ഇതിലും നാടകീയമാണു ജീവിതം എന്നു പത്രങ്ങള്‍ എന്നും കാണിച്ചു തരുന്നു

    ReplyDelete
    Replies
    1. സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി :)

      Delete