Thursday, 29 May 2014

അവരുടെ (52) ദിനങ്ങൾ

"ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. ഇത്‌ നിരവധി വഴിത്തിരിവുകളുള്ള ഉദ്വേഗജനകമായ സാഫല്യമടഞ്ഞ, ഒരു പ്രണയകഥയല്ല. ഇതൊരു കണ്ടുമുട്ടലാണ്. അവർ തമ്മിൽ കണ്ടുമുട്ടിയ കഥ.
ഇതിനു ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. അഥവാ മറിച്ച്‌ തോന്നിയാൽ അത്‌ നിങ്ങളുടെ അഹങ്കാരം! അല്ലാതെന്ത്‌?! "
.
Day (1) :  "ഇത്രയും നാൾ സിംഗിൾ ആയാണു കഴിഞ്ഞത്‌. ഇനിയും ഞാൻ അങ്ങനെ തന്നെ നടക്കുവാ.. പറഞ്ഞതൊക്കെ കളഞ്ഞേരെ, നമുക്ക്‌ ഫ്രൺസ്‌ ആകാം..  "
അവൾ മറുപടിയായി ഒരു താങ്ക്സ്‌ പറഞ്ഞു; എന്നിട്ടു പിരിഞ്ഞു.
  കുറേക്കാലം ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് പറഞ്ഞ്‌ നടക്കുക.. പിറകെ നടന്ന് ശല്യം ചെയ്യുക, പിന്നെ പ്രണയിക്കുക.. അത്തരം പ്രണയങ്ങളൊന്നും അവനൊരിക്കലും അംഗീകരിക്കാൻ കഴിയില്ലാരുന്നു. ആദ്യം പ്രൊപോസ്‌ ചെയ്തതും അവൾ ഉടനെ "ഐ ലവ്‌ യു റ്റൂ" എന്ന് തമാശയിൽ പറഞ്ഞതും എല്ലാം ഒരു പശ്ചാസ്താപമായി തോന്നി. ഒരേ അഭിരുചികളുള്ള ഒരാളെ കണ്ടെത്തുക കുറെനാൾ ഒരുമിച്ചുനടന്ന് തമ്മിൽ മനസ്സിലാക്കി പിന്നീട്‌ പ്രണയിക്കുക അതൊക്കെയായിരുന്നു അവന്റെ കാഴ്ചപ്പാടുകൾ.
വൈകുന്നേരം ക്ലാസുകഴിഞ്ഞ്‌ അവർ വീണ്ടും കണ്ടു. കോളെജിൽ നിന്ന് ബസ്റ്റാന്റ്‌ വരെയുള്ള വഴിനീളെ പലതും സംസാരിച്ചു. ആ നടത്തയിലായിരിക്കണം അവൾക്ക്‌ ആദ്യമായി അവനോടൊരടുപ്പം തോന്നിയത്‌. അപ്പോഴേക്കും അവന്റെയുള്ളിലെ ഇഷ്ടവും തലക്ക്‌ പിടിച്ചുതുടങ്ങിയിരുന്നു.
.
Day (3) :  കോളേജ്‌; ഉച്ചക്ക്‌ ഇന്റർവെൽ സമയം. എന്നത്തേയും പോലെ ഫസ്റ്റ്‌ യിയർ ക്ലാസുകളുടെ ഒരു വശത്ത്‌ അവൾ ഉണ്ടായിരുന്നു. മനസ്സിൽ പടർന്നുപന്തലിച്ചുകൊണ്ടിരിക്കുന്ന ഇഷ്ടം അവൻ തുറന്ന് പറഞ്ഞു; ഒരിക്കൽ കൂടി. ഇത്തവണ ഇനി മിണ്ടാനൊ അടുക്കാനൊ വരില്ലെന്നുകൂടി കൂട്ടിച്ചേർത്തു.
"അതെന്താ ഇനി മിണ്ടിയാൽ?!"
"നമ്മുടെ കാര്യം നടക്കില്ലെന്ന് ഇയാൾ അന്നേ പറഞ്ഞതണല്ലൊ.. എനിക്ക്‌ ഫ്രണ്ടായിനിയിരിക്കാൻ കഴിയില്ല. അടുത്തുവന്ന് മിണ്ടുമ്പോൾ ഉള്ളിലെ ഇഷ്ടം എനിക്ക്‌ കൂടത്തേയുള്ളൂ. അതാ ഞാൻ എല്ലാം നിർത്താന്നു പറഞ്ഞത്‌.. "
അവൾ ഒരു ബൈ പറഞ്ഞു ഒന്നും മിണ്ടാതെ നടന്നുപോയി.
.
Day (4) :  "ഇന്നലെ വീട്ടിൽ പോയി എന്തൊക്കെയൊ മിസ്സ്‌ ചെയ്തു. എനിക്ക്‌ മിണ്ടാൻ കഴിയില്ല; മിണ്ടാതിരിക്കാനും.. " അവനെ കണ്ടിട്ട്‌ തിരിഞ്ഞുനടന്ന അവളെ പിടിച്ചുനിർത്തിയിട്ട്‌ അവൻ പറഞ്ഞു. അവൾ നിശബ്ദയായി നിന്നതേയുള്ളൂ. അവൾക്കും എന്തോ വിഷമം ഉള്ളതായ്‌ അവനു തോന്നി.
അവന്റെ കൂട്ടുകാരനും അവളുടെ കൂട്ടുകാരിയും അവരുടെയടുത്ത്‌ ഉണ്ടായിരുന്നു. അവർ ഒരു ഫോട്ടോയുടെ കാര്യത്തിൽ തർക്കിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ അവസരത്തിൽ അവൻ അവളുടെ ഒരു ഫോട്ടോ ചോദിച്ചു. അവൾ ഫോട്ടോ ഉൾപ്പെടെയുള്ള ഒരു എക്സാം ഹാൾടിക്കറ്റ്‌ അവനു നൽകി! എന്നിട്ട്‌ എല്ലാം ഒരു സൗഹൃദമാണെന്ന് പറഞ്ഞിട്ടു പോയി.. എന്നാൽ കൂട്ടുകാരി വഴി അവളുടെ ഉള്ളിലുള്ള ഇഷ്ടം അവനറിഞ്ഞു.
.
Day (6) :  കോളേജ്‌ അവധിദിനം. ചാറ്റിൽ അവൾക്കിഷ്ടമാണെന്നകാര്യം അവൾ തുറന്നുപ്രകടമാക്കി! ഒപ്പം വീട്ടിലെ പ്രശ്നങ്ങളും, ഒന്നും നടക്കില്ലെന്നും.. കുറെ സമയം ചാറ്റ്‌ ചെയ്തു.
അവൻ അന്നുറങ്ങിയില്ല. എന്തൊക്കെയൊ കിനാവുകൾ!
......................................................………..........................
.
"പിന്നീട്‌ ഒരു കാഷ്വൽ ക്യാമ്പസ്‌ പ്രണയത്തിന്റെ ഏതാണ്ട്‌ എല്ലാ ചേരുവകളും അടങ്ങുന്ന ഒരടുപ്പം. ദിവസത്തിന്റെ ദൈർ്ഘ്യം അവർക്കു മുൻപിൽ കുറഞ്ഞു. രാത്രിയുടെ നീളം കൂടി. ഒരിക്കൽ ഉപേക്ഷിച്ച ക്യാൻവാസ്‌ അവൻ വീണ്ടും എടുത്തു. തുരുമ്പിച്ചിരുന്നെങ്കിലും പെൻസിലിനു വീണ്ടും ജീവൻ വച്ചു; അവളുടെ സ്വപ്നങ്ങൾക്കും..
പർദ്ദക്കു പകരം തട്ടം വന്നു.. കൈവെള്ള വരെ മൂടിനിന്നിരുന്ന ചുരുദാർ കൈകൾ അവൾ വെട്ടിക്കുറച്ചു. കൈയ്യിൽ മെയിലാഞ്ഞിയുടെ വർണ്ണങ്ങൾ വിരിഞ്ഞു..."
.
Day (13) :  പരീക്ഷ തുടങ്ങുന്നതിനു മൂന്നു ദിവസം മുൻപുള്ള ഒരു കോളേജ്‌ ദിനം. അന്ന് അവൾ വീണ്ടും പഴയ പർദ്ദ ധരിച്ചായിരുന്നു എത്തിയത്‌. അവനിൽ നിന്ന് അവൾ അന്ന് പരമാവധി വിട്ടുമാറിനിന്നു. അവൻ അടുക്കാൻ ചെന്നപ്പോഴിക്കെ അവൾ അകന്നുപോയി. ഒടുവിൽ അവഗണന അതിരുകടന്നപ്പോൾ കാരണം ഉണ്ടാക്കി അവൻ ദേഷ്യപ്പെട്ടു. വൈകുന്നേരം അവർ ഒന്നും മിണ്ടാതെ പിരിഞ്ഞു . രാത്രി സോറി പറഞ്ഞുകൊണ്ട്‌ അവൾ അവനു ടെക്സ്റ്റ്‌ ചെയ്തു. അകൽച്ചയുടെ കാരണം തിരക്കിയപ്പോൾ വീണ്ടും അകലാനാണവൾ ശ്രമിച്ചത്‌. ഒടുവിൽ വീട്ടിൽ ഒരിക്കലും സമ്മതിക്കാത്തതും ഒന്നും നടക്കില്ല എന്ന ചിന്തയും വീട്ടുകാരെ വിഷമിപ്പിക്കാൻ വയ്യ എന്ന ബോധവുമൊക്കെയായിരുന്നു എല്ലാത്തിനും കാരണം എന്നവൻ മനസ്സിലാക്കി.
.........................................................................................
.
"ആ ദിവസത്തെ അകൽച്ചക്കു ശേഷം എന്തൊക്കെയൊ പറഞ്ഞ്‌ അവൻ അവളെ സമാധാനിപ്പിച്ചു; പഴയതു പോലെ വീണ്ടും ഒന്നിച്ചു. നേരത്തേതിനേക്കാൾ അവർ കൂടുതൽ ആഴത്തിൽ അടുത്തു. ആയിടക്ക്‌ മറ്റൊരു മഹാത്ഭുതം കൂടി സംഭവിച്ചു. കൂട്ടുകാരന്റെ ഏകകക്ഷി പ്രണയം ഒരു ഇരുകക്ഷി സൗഹൃദമായി മെച്ചപ്പെട്ടു.. എന്നാൽ എല്ലാത്തിനും കാരണമായത്‌ ആ ഏകകക്ഷി പ്രണയം ആയിരുന്നു എന്നതാണ് വാസ്തവം..!"
.
Day (35) :  "കഴിഞ്ഞ മൂന്നു ദിവസവും അവളുടെ ഒരു മിസ്ഡ്‌ കാൾ പോലും ഉണ്ടായിരുന്നില്ല. പരീക്ഷ ഇല്ലത്തതിനാൽ കാണാൻ കഴിഞ്ഞുമില്ല. ഇന്നത്തേയൊരു ദിവസം കൊണ്ട്‌ കോളേജ്‌ ജീവിതം അവസാനിക്കും. കാണാനും മിണ്ടാനുമുള്ള അവസാന ദിനം.." അവൾക്കായ്‌ വാങ്ങിയ മോതിരവും ഞെരടിക്കൊണ്ട്‌ അവനോർത്തു. എന്നാൽ ആ അവസാനദിവസം വെറുതേയായി. അവനവളെ അടുത്തുകിട്ടിയില്ല. അവസാന ഓർമ്മയായ്‌ ദൂരെനിന്നുള്ള ഒരു ചിരി മാത്രമായിരുന്നു അവശേഷിച്ചിരുന്നത്‌....
...............…………………….......................
.
"കലാലയജീവിതം കഴിഞ്ഞ്‌ ദിവസങ്ങൾ പോയി. അവളിൽ നിന്നൊരു കാൾ പ്രതീക്ഷിച്ചെങ്കിലും ഒന്നും അവനെ തേടിയെത്തിയില്ല. സാധാരണയായി അവൾ ഇങ്ങോട്ടായിരുന്നു വിളിക്കാറുള്ളത്‌; ലാന്റ്‌ ലൈൻ ഫോൺ വഴി.. അതുകൊണ്ട്‌തന്നെ അവൻ അങ്ങോട്ട്‌ വിളിക്കാൻ ശ്രമിച്ചില്ല.
സൂര്യൻ പലതവണ ഉദിച്ചസ്തമിച്ചു. ആയിടക്കാണ് അവനറിഞ്ഞത്‌ അവളുടെ വീട്ടിൽ വിവാഹാലോചനകൾ നോക്കുന്നുണ്ടായിരുന്നു എന്ന്. എത്രയും വേഗം ഒരു വിവാഹം അതായിരുന്നു അവരുടെ ലക്ഷ്യം. വിദൂരതയിലെവിടെയോ പ്രതീക്ഷിച്ചിരുന്ന ഒരപകടം പെട്ടെന്നു മുൻപിൽ വന്നതായി അവനുതോന്നി. വാപ്പക്കെന്തോ അസുഖമുള്ളതായി അവൾ എപ്പൊഴോ പറഞ്ഞത്‌ അവനോർത്തു. വീട്ടിലെ വൈകാരികമായ ഭീഷണികളും മനസിക സമ്മർദ്ദങ്ങളുമായിരിക്കും ഈ അകൽച്ചക്കും കാരണം എന്നത്‌ അവന് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ.. .. "
.
Day (52) :  അകൽച്ചയും വിരഹവും തുടർച്ചയായ ഒരു നിമിഷത്തിൽ അവൻ അങ്ങോട്ട്‌ കാൾ ചെയ്തു. എന്നാൽ അവളുടെ വാപ്പയായിരുന്നു ഫോൺ അറ്റെന്റ്‌ ചെയ്തത്‌! ഒന്നും മിണ്ടാതെ ഫോൺ കട്ട്‌ ചെയ്തു..
വൈകുന്നേരം ഫോണെടുത്തുനോക്കിയപ്പോൾ ഒരു മിസ്ഡ്‌ കോൾ; അവളുടെ ലാന്റ്‌ ലൈനിൽ നിന്ന്. പണ്ടെപ്പൊഴോ അവളോട്‌ പറഞ്ഞ വാക്കുകൾ അവനോർത്തു, "വൺ മിസ്‌കോൾ ഫ്രം യു, സിംപ്ലി മീൻസ്‌ യു മിസ്‌ മി...! "
..................…………......…..................................................
.
"അതായിരുന്നു അവരുടെ അവസാന ദിനം. ആ മിസ്ഡ്‌ കോൾ, അവർക്കിടയിലെ അവസാന സമ്പർക്കമായി ശേഷിച്ചു.
ദിവസങ്ങൾ പിന്നെയും കടന്നുപോയ്‌. അവളുടെ വിവാഹം ഏതാണ്ടുറപ്പിച്ചെന്നും ഒന്നരമാസം കഴിഞ്ഞുള്ള ഏതോ ദിവസം വിവാഹതീയതി നിശ്ചയിച്ചെന്നും ആരോ പറഞ്ഞറിഞ്ഞു. പെട്ടെന്നൊരു ഞട്ടെലുണ്ടാക്കിയില്ലെങ്കിലും പതിയെ പതിയെ അത്‌ അവനിൽ ആഘാതമേൽപ്പിച്ചുതുടങ്ങി. കിട്ടിയ രണ്ടുമൂന്ന് ജോലികൾ ഓരോ കാരണമുണ്ടാക്കി അവൻ ഉപേക്ഷിച്ചു. എല്ലാം നഷ്ടപ്പെട്ടു..
ഒരിക്കലും അവസാനിക്കാത്ത ശിശിരം.. പ്രതീക്ഷയുടെ ഇലകൾ ഓരോ ദിവസവും കൊഴിഞ്ഞുകൊണ്ടിരുന്നു... "
.
Day ( +60) :  വീട്ടിലെ ഇരുൾമുറിയിൽ അവൻ തനിച്ചായിരുന്നു. "അവളെ എങ്ങനെയെങ്കിലും കോണ്ടാക്റ്റ്‌ ചെയ്യാൻ കഴിഞ്ഞാൽ.. കുറച്ച്‌ നിർബന്ധിച്ചാൽ അവൾ ചിലപ്പൊ ഇറങ്ങിവരുമായിരിക്കും... പക്ഷേ.. "
യാഥാസ്ഥിതിയും അവളുടെ വീട്ടിലെ അവസ്ഥയും മറ്റ്‌ പല കാരണങ്ങളും അവനെ സമ്മർദ്ദത്തിലാക്കി. എല്ലാക്കാര്യത്തിലും തുടർന്നുള്ള ജീവിതത്തിൽ പൂർണ്ണമായ സംതൃപ്തി അവളിൽ നിന്ന് കിട്ടുമൊ എന്ന വിശ്വാസക്കുറവായിരിക്കാം മറ്റൊരു കാരണം.
ഒരാണാണെന്നുള്ള ചിന്ത അവനേയൊന്ന് പൊട്ടിക്കരയാൻപോലും അനുവദിച്ചില്ല. ഒരു തരം മരവിപ്പ്‌. ഓർമ്മകളുടെ മുറിവുകൾ എല്ലായ്പ്പോഴും മനസ്സിൽ വലിയൊരു വിങ്ങലായി. " സോ കാൾഡ്‌ ബെസ്റ്റ്‌ ഫ്രണ്ട്‌, കോളേജ്‌, കൂട്ടുകാർ എല്ലാമെല്ലാം ഒറ്റവാക്കിൽ നഷ്ടപ്പെട്ടു എന്നോർക്കുമ്പോൾ ഒറ്റക്കായിപ്പോയോ എന്നൊരു ചോദ്യം മനസ്സിൽ മറ്റൊരു മുറിവായി.
എവിടെയൊ കണ്ടുമറന്ന വരികൾ അവൻ ഡയറിയിൽ കുറിച്ചിട്ടു..
"നിന്നുള്ളിൽ എന്നോടുള്ള വെറുപ്പ്‌ നിറയട്ടെ..
അത്‌ നിന്നിലെ പ്രണയാന്ധകാരത്തേയകറ്റും..
നിൻ മുന്നിലൊരു വഴിതെളിയും അതിലൂടെ പോകൂ...
അവിടെ വസന്തങ്ങൾ നിന്നെയും കാത്തിരിപ്പുണ്ട്‌... "
.
Day (100+ ) :  അവളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാകും.. അവനെ മറക്കാൻ അവൾ അയാളിൽ ഇഷ്ടം കണ്ടെത്തുമായിരിക്കും. വിധിക്കപ്പെട്ട ജീവിതത്തിലേക്ക്‌ സ്വപ്നങ്ങൾ ചുരുക്കാൻ അവൾ നേരത്തേ തയ്യാറായിരുന്നു. ചിലപ്പോ അവളുടെ കഴിഞ്ഞകാലത്തെ അംഗീകരിക്കാൻ കഴിയുന്ന അവളുടെകൂടി ഇഷ്ടങ്ങളേയും തീരുമാനങ്ങളേയും അംഗീകരിക്കുന്ന ഒരു നല്ല ജീവിത-പങ്കാളിയെ ലഭിച്ചിരിക്കും. അല്ലെങ്കിൽ..
തന്റെപോലെയുള്ള ഒരു ഓർത്തെഡോക്സ്‌ ഫാമിലിയിൽനിന്നാവും വീട്ടുകാർ അവളുടെ വരനെ കണ്ടെത്തുക എന്ന് അവൾ ഒരിക്കൽ അവനോട്‌ പറഞ്ഞതായി ഓർക്കുന്നു. ചിലപ്പോൾ സ്വന്തം കാഴ്ച്ചപ്പാടുകൾക്കും, ഇഷ്ടങ്ങൾക്കും, സ്വപ്നങ്ങൾക്കും വിലക്ക്‌ കൽപ്പിച്ചവരുടെ കൂട്ടത്തിൽ ഒരുവൾ കൂടി.. തന്റെ മോഹങ്ങൾ എന്താണെന്നുപോലും സ്വയം അന്വേഷിക്കാതെ ജീവിതത്തിന്റെ അടുക്കളക്കോണിൽ ഉരുകിത്തീരുന്നവർ..
അവന്റെ കാര്യം വിട്ടുപോയി.. ഔദ്ദ്യോഗികജീവിതവുമായി അവൻ ചിലപ്പൊ ഇഴകിച്ചേർന്നിട്ടുണ്ടാകാം അപ്പോഴേക്കും.. അല്ലെങ്കിൽ ഏതെങ്കിലും ജോലിക്കുള്ള സ്ഥിരം പരക്കംപാച്ചിൽ; ഇന്റർവ്യൂ.. യാത്രകൾ.. അങ്ങനെയങ്ങനെ..
അതുമല്ലെങ്കിൽ............( ഒരു നെടുവീർപ്പ്‌....)......
.
Day ( -6) :  രണ്ടാം നിലയിലെ പടിയിലൂടെ ഓടിയിറങ്ങുന്ന അവളെ അവൻ മുകളിൽ നിന്ന് വിളിച്ചു, "ഏയ്‌ ഒന്നു നിക്കാമോ, ഒരു കാര്യംചോദിക്കാനാ.."
ഇറങ്ങിയ അതേ വേഗത്തിൽ തന്നെ അവൾ തിരിച്ചു കയറി "ഹാ.. എന്താ?!"
കുറച്ചുമുൻപ്‌ കൂടെയുണ്ടായിരുന്ന മറ്റെ തട്ടമില്ലെ.. അവൾക്ക്‌ ലൈൻ ഉണ്ടൊ?!"
"ഉം.. ഉണ്ട്‌ " ചെറിയ ചിരിയിൽ തലകുലുക്കി അവൾ പറഞ്ഞു. പിന്നെ പഴയ പോലെ പടി വേഗത്തിൽ ഇറങ്ങി എങ്ങോട്ടോ മറഞ്ഞു.
മാറിനിന്നിരുന്ന കൂട്ടുകാരൻ ചെറിയ നിരാശയിൽ അവന്റെയടുത്തേക്കു വന്നു; "ഇത്രയും നാൾ പുറകെ നടന്ന ഞാനൊരു മണ്ടൻ.."
"ടാ നീ വിട്ടേക്കെടാ.. അവൾ പോയാ അവൾടെ ......(ടൂൂ...!)...."
അവർ തിരിച്ചു ക്ലാസിലേക്കുനടന്നു.
.
Day ( -3) :  കോളേജിലെ ഒരു സമരദിനം. ഓരോരൊ ക്ലാസുകളായി സമരക്കാർ ഒഴിപ്പിച്ചുതുടങ്ങി. കൂട്ടുകാരന്റെ തട്ടത്തിന്റെ വരവും പ്രതീക്ഷിച്ച്‌ അവർ ക്യാമ്പസിന്റെ വാതുൽക്കൽ നിന്നു. അധികം നിൽക്കേണ്ടിവന്നില്ല അപ്പോഴേക്കും രണ്ട്‌ തട്ടങ്ങളുംകൂടി അതുവഴി നടന്നുവന്നു. കൂട്ടുകാരൻ അവന്റെ തട്ടത്തിന്റെകൂടെ സ്ഥിരം സെന്റിമെൻസ്‌ ആരംഭിച്ചു. മറ്റേ തട്ടവും നമ്മുടെ കഥാനായകനും ഒരു വശത്ത്‌ ബാക്കിയായി. അവരും മിണ്ടിത്തുടങ്ങി.
"കൂട്ടുകാരിക്ക്‌ ലൈൻ ഉണ്ടെന്നു പറഞ്ഞത്‌ വെറുതെ ആയിരുന്നു അല്ലെ?!"
"ഉം.. ഞാൻ ചുമ്മാ പറഞ്ഞതാ. പക്ഷേ അവൾടെ പുറകെ നടക്കണ്ട. ഒന്നും നടക്കില്ല. ഫ്രണ്ടിനോട്‌ അത്‌ പറഞ്ഞേക്കൂ.."
"അതെന്താ ഒന്നും നടക്കാത്തെ?! എന്താ അവൾടെ പ്രശ്നം?"
"അവൾടെ പ്രശ്നം വേറൊന്നുമല്ല. മതം തന്നെയാണ്.."
"നിങ്ങളെന്തിനാണീ മതത്തിനെക്കുറിച്ച്‌ ചിന്തിക്കുന്നത്‌? മതങ്ങൾ മനുഷ്യർ തന്നെ ഉണ്ടാക്കിയതാണ്. അത്‌ മറക്കണ്ട"
"അതൊന്നുമെനിക്കറീല്ല. ഞങ്ങൾക്ക്‌ വീട്ടുകാർ പറയുന്നതാണ് വിശ്വാസം. ന്റെ കാര്യമെടുത്താൽ അവളേക്കാൾ ആചാരനിഷ്ടയുള്ള കുടുംബം ന്റെയാണ്. ഒരു പക്കാ ഓർത്തഡോക്സ്‌ ഫാമിലി.."
വഴിവക്കിലൂടെയുള്ള ആ സംഭാഷണം നീണ്ടു നീണ്ടു പോയി..
"അതിനിടക്ക്‌ ബസ്റ്റാന്റ്‌ എത്തിയല്ലൊ! അവരുടെ കാര്യം പറഞ്ഞ്‌ ഇപ്പൊ ഇയാൾടെ വീട്ടുകാര്യമാണല്ലൊ നമ്മൾ സംസാരിച്ചത്‌. അതുകള, കൂട്ടുകാരിയോടൊന്നുപറഞ്ഞ്‌ അവന്റെ കാര്യം ശെരിയാക്കിത്തരണേ! "
"ഉം നോക്കട്ടെ.."
അവർ രണ്ടുവഴിയായിപിരിഞ്ഞു; ഒരു യാത്രാമൊഴിപോലും പറയാതെ.. പിന്തിരിഞ്ഞുപോലും നോക്കാതെ അവർ നടന്നകന്നു...
.
ലേബൽ:
പ്രണയത്തെ അംഗീകരിക്കാൻ കഴിയാത്തവർക്ക്‌ ആത്മാർത്ഥമായ ഇഷ്ടത്തേയും പ്രണയിതാക്കളേയും അന്ധകാരത്തിനുള്ളിലെ കാണാൻ കഴിയൂ.. ജാതിയുടെ, മതത്തിന്റെ, വർണ്ണത്തിന്റെ, പ്രായത്തിന്റെ, സമ്പത്തിന്റെ.. അങ്ങനെ നിരവധി അതിർവരമ്പുകൾ തീർത്ത അന്ധകാരത്തിനുള്ളിൽ..
എല്ലാവർക്കും എപ്പോഴും ഒരു മിഥ്യയിൽ കഴിയാനാണിഷ്ടം; മതങ്ങളുടേയൊ അന്ധവിശ്വാസങ്ങളുടേയൊ മിഥ്യയിൽ. ആരൊക്കെയൊ എന്നോ കൽപ്പിച്ച മത-നിയമങ്ങളേയും, ചുറ്റുമുള്ള സമൂഹത്തേയും പിന്തുടരാനുള്ള ഒരു തരം വാശിയിലാണ് അവർ എല്ലായ്പ്പോഴും. യാഥാർത്ഥ്യത്തിനുമുന്നിൽ കൺതുറക്കാനോ ഇഷ്ടപ്പെടുന്നവർ ഒന്നിച്ച്‌ കഴിയുന്ന ഒരു സന്തോഷമുള്ള ജീവിതത്തെ അനുകൂലിക്കാൻ അവർ ഒരിക്കലും ശ്രമിക്കില്ല.
എല്ലാത്തിൽനിന്നും വേറിട്ട്‌ സ്വന്തമായ കാഴ്ച്ചപ്പാടുകളും ചിന്തകളും ഉള്ള പുതിയൊരു തലമുറയുടെ പ്രത്യാശയിൽ...
സമ്മർദ്ദങ്ങൾക്കു വഴങ്ങി മറ്റുള്ളവർക്കായി സ്വന്തം ഇഷ്ടങ്ങളെ കുഴിച്ചുമൂടി നഷ്ടപ്പെട്ടുപോയ ആ വസന്തകാലത്തെ ഓർമ്മകളിൽ കൊണ്ടുനടക്കുന്ന എല്ലാ പ്രണയിതാക്കൾക്കുമായ്‌....
     
  # Plot inspired from Marc Webb