Thursday 7 August 2014

നിറംവറ്റാത്ത തൂലികയിൽ ഒരു കുറിപ്പുകൂടി..

രാവിലെ പഴയ മുദ്രക്കടലാസുകൾ തപ്പുന്നതിനിടയിലാണ് അത്‌ കണ്ണിൽ തടഞ്ഞത്‌. അറുപതുകളിലെ ആ പഴയ മലയാളം പാഠപുസ്തകത്താളിനുള്ളിൽ ഒരു കുഞ്ഞു മയിൽപ്പീലിത്തുണ്ട്‌! പണ്ട്‌ തൊടിയിലെ മാവിൻ ചുവട്ടിൽവച്ച്‌ ദാക്ഷായണി ഇത്‌ തരുമ്പോൾ അകാശത്തിനു നേർക്കുവയ്ക്കരുതേയെന്ന് പ്രത്യേകം പറഞ്ഞിരുന്നു. അറിഞ്ഞൊ അറിയാതെയൊ മാനവും വെളിച്ചവും കാണാതെ ഇത്രയും നാൾ.. എന്തൊ വലിയ നിധി കിട്ടിയ സന്തോഷമായിരുന്നു ആദ്യം. അപ്പോൾ തന്നെ അവളെ വിളിച്ചു പറഞ്ഞു; ഒരു 'സംഭവം' ഉണ്ട്‌ വേഗം വരൂ എന്ന്! കുറച്ചുകഴിഞ്ഞപ്പോൾ തന്നെ അവൾ ആശ്ചര്യത്തോടെ വീട്ടിലേക്കോടിവന്നു. ഞാൻ 'സംഭവം' അവൾക്കുവച്ചുനീട്ടി. പുസ്തകം തുറന്നവൾ മയിൽപ്പീലിയെടുത്ത്‌ മെല്ലെ തലോടുമ്പോൾ നേർത്ത ചുളിവുകൾ വീണുതുടങ്ങിയ നെറ്റിത്തടവും സ്വപ്നം മങ്ങിയ കണ്ണുകളും മെല്ലെ വിടർന്നു, ചെറിയൊരു ചിരിയോടെ.. മുപ്പത്തിയഞ്ചു വർഷങ്ങൾക്ക്‌ മുൻപ്‌ അതെന്റെ കയ്യിലേക്ക്‌ തരുമ്പോൾ കണ്ട അതേ മുഖഭാവം.. 

മനയിൽ അന്ന് കൂട്ടുകുടുംബവ്യവസ്ഥിതിയായിരുന്നു. എന്നും ഒരുത്സവപ്രതീതി. അവധിദിനങ്ങളിൽ ആ പഴയ ചെമ്പകമരത്തിന്റെ ചോട്ടിൽ ഞങ്ങൾ കുട്ടികളെലെല്ലാം ഒത്തുകൂടും. ഞാനും ദാക്ഷായണിയുമായിരുന്നു കൂട്ടത്തിൽ മൂത്തത്‌. കളിക്കുമ്പോൾ അതുകൊണ്ട്‌ ഞങ്ങളായിരുന്നു  അച്ചനുമമ്മയും. 

വർഷങ്ങൾക്ക്‌ ശേഷം അവളെ കല്യാണംകഴിച്ചയക്കുമ്പോൾ അതേ ചെമ്പകച്ചോട്ടിൽ ഞാൻ നിൽപ്പുണ്ടായിരുന്നു.. നിശ്ചലനായി..
 
അവളുടെ കല്യാണം കഴിഞ്ഞ്‌ കുറച്ച്‌ വർഷങ്ങൾക്ക്‌ ശേഷം മനയിൽ എന്റെ വിവാഹത്തേക്കുറിച്ച്‌ ചർച്ച തുടങ്ങി. മതേതരവാദിയായിരുന്ന ഞാൻ 'അന്യമതത്തിൽ' നിന്ന് വിവാഹം ചെയ്ത്‌ പ്രതിക്ഷേധിക്കാൻ തീരുമാനിച്ചതും അക്കാലത്തുതന്നെയായിരുന്നു. എന്നാൽ പ്രണയം എന്നെ വീണ്ടും തോൽപ്പിച്ചു. അതുകൊണ്ടായിരുന്നല്ലൊ ഭാനുമതിയുമായി ഇഷ്ടത്തിലായതും വിവാഹം കഴിച്ചതും.

ഞങ്ങളുടെ ചേർച്ചയെ പറ്റി ഒളിഞ്ഞും മറഞ്ഞും അല്ലാതെയും, പലരും പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. ചിലപ്പോഴൊക്കെ എനിക്കും അത്ഭുതം തോന്നിയിരുന്നു. പലകാര്യങ്ങളിലും ഞങ്ങൾ ഒരേ രീതിയിൽ ചിന്തിച്ചിരുന്നു. പ്രണയവിവാഹങ്ങളിൽ സാധാരണയുള്ള സങ്കീർണ്ണതകളൊന്നും ഞങ്ങൾക്കിടയിലുണ്ടായിരുന്നില്ല. ഒടുവിൽ ക്യാൻസർ അവളെ പൂർണ്ണമായും കീഴ്പ്പെടുത്തിയപ്പോൾ ലോകം തന്നെ നഷ്ടപ്പെട്ടു. രണ്ടര വർഷം നീണ്ടുനിന്ന ദാമ്പത്തികജീവിതത്തിനിടയിൽ കുട്ടികൾ വൈകിമതി എന്നുള്ള തീരുമാനം തെറ്റായിരുന്നോയെന്ന് ഞാൻ പലപ്പോഴും എന്നോട്‌ തന്നെ ചോദിച്ചിട്ടുണ്ട്. തനിച്ചായപ്പോൾ അവളുടെ ഉദരത്തിൽനിന്നുള്ള ഒരു കുഞ്ഞോമനയെ ഞാൻ ആഗ്രഹിച്ചിരുന്നിരിക്കാം..
 

ഭാനുവിന്റെ വേർപാടെന്നെ പ്രവാസത്തിലെത്തിച്ചു. പിന്നീട്‌ ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ചു, തനിച്ച്‌.. എല്ലായിടത്തും അവളുടെ ഓർമ്മകൾ  കൂട്ടിനുണ്ടായിരുന്നു. പലരാജ്യങ്ങളിലും ജോലിചെയ്തു. പലതരത്തിലുള്ള ആൾക്കാരെ കണ്ടുമുട്ടി. വർഷങ്ങൾ കഴിഞ്ഞു നാട്ടിലേക്കുള്ള തിരിച്ചുവരവിനു. ദാക്ഷായണിയുടെ കാര്യങ്ങളൊക്കെ വൈകിയാണ് ഞാനറിഞ്ഞത്‌. ഏഴരവർഷത്തിനുശേഷം അവർ വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. അവളുടെ വരന്റെ ഇല്ലം ഞങ്ങളുടെ കുടുംബത്തേക്കാൾ ധനികമായിരുന്നു. ആദ്യമാദ്യമുള്ള അവഗണന അവൾ കണ്ടില്ലെന്നുനടിച്ചു. കാലം പിന്നിട്ടപ്പോൾ അവർക്കൊരു പെൺകുഞ്ഞ്‌ ജനിച്ചു. എന്നാൽ ദാമ്പത്യ ജീവിതം കൂടുതൽ വഷളായിക്കൊണ്ടിരുന്നു. ഒടുവിൽ ഔദ്യോഗികജീവിതത്തിൽ അയാൾ ആരുമായിട്ടൊ അടുപ്പത്തിലാണെന്നവൾ അറിഞ്ഞു. വിവാഹമോചനം അധികം വൈകിയില്ല. പുരോഗമനവാദ പശ്ചാത്തലത്തിൽ വിവാഹ മോചനങ്ങൾ ആരോഗ്യപരമായ സമൂഹത്തിന്റെ  പ്രതിഫലനമാണ്. സമൂഹികപരിസരം അതിനനുകൂലമല്ലെങ്കിൽ കൂടിയും..

വിവാഹമോചനത്തിനുശേഷം അയാൾ കാമുകിയുമായി പു:നർ വിവാഹം നടത്തി; ഒപ്പം ഒരേയൊരു മകളെ ദാക്ഷായണിക്കു വിട്ടുകൊടുക്കുകയും ചെയ്തു. ഒടുവിൽ മകളെ വളർത്തണമെന്ന ലക്ഷ്യം അവളെ പഴയ അധ്യാപനത്തിലേക്കു തിരിച്ചുവിട്ടു.

ദാക്ഷായണിയുടെ മകളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ ഏതാണ്ട്‌ രണ്ടു വർഷം ആയിക്കാണും. ആ കുട്ടിക്ക്‌ എന്നെക്കുറിച്ച്‌ നല്ല മതിപ്പാണെന്നുതോന്നുന്നു. ദാക്ഷായണി എന്നേക്കുറിച്ചുള്ള ഒരു നല്ല രൂപം തന്നെ നൽകികാണണം. അല്ലെങ്കിൽ നാളത്തെ ഞങ്ങളുടെ വിവാഹ രെജിസ്റ്റ്രേഷനു കൂട്ടുകാരിയുമൊത്ത്‌ വരുമെന്നു പറയില്ലായിരുന്നല്ലൊ! അതും ഭർത്താവിന്റെ എതിർപ്പിനേയും അവഗണിച്ച്‌.. ഇങ്ങനൊരുകാര്യത്തിന് ഏറ്റവും കൂടുതൽ നേതൃത്വം കൊടുത്തതും ആ കുട്ടിയായിരുന്നു. 


വാർദ്ധ്യക്യത്തിന്റെ സായാഹ്നത്തിൽ ഒരു വിവാഹം! വികാര-വിചാരങ്ങളുടെ പ്രണയസാഫല്യത്തിനിനിയും ജീവിതം ബാക്കിയുണ്ടൊ?! ചിലപ്പോൾ ഒറ്റപ്പെടലിൽ നിന്നുള്ള വിമുക്തി അവൾ ആഗ്രഹിച്ചിരുന്നിരിക്കണം. അല്ലെങ്കിൽ അവൾ ഇങ്ങനൊരുകാര്യം സ്ഥിരം കാണാറുള്ള ഉദ്യാനത്തിൽ തമാശരൂപേണ അവതരിപ്പിക്കില്ലായിരുന്നല്ലൊ?!!

നിഴലുകൾ വീണുതുടങ്ങിയ ജീവിതത്തിൽ സ്വപ്നങ്ങൾ ഇനിയും ബാക്കി. കുറച്ചുമാറി പട്ടണത്തിന്റെ ഓരത്തായി ഒരു അഥിതിമന്ദിരം വാങ്ങണം. വല്ലപ്പോഴും അവിടെയും കഴിയാമല്ലൊ..

 ജീവിതം കൊണ്ട്‌ എന്താണുദ്ദേശിക്കുന്നതെന്നറിയില്ല. കഴിഞ്ഞ ആ പഴയ നല്ലകാലങ്ങൾ ഓർക്കുമ്പോൾ വിടരുന്ന ചിരിയിൽ കണ്ണുനീരിന്റെ നനവുമുണ്ടാകും.
ഋതുക്കൾ മാറുന്നതുപോലെ കൂട്ടുകാർ മാറും.. മനുഷ്യൻ മാറും.. ഒരു വിളിപ്പാടകലെയുണ്ടായിട്ടും വിളിക്കാതെ സങ്കീർണ്ണങ്ങളാകുന്ന മനസ്സുകൾ.

ഇല്ലം ഇന്ന് ചിതലരിച്ചുതുടങ്ങിയിരിക്കുന്നു.
കാൽച്ചുവട്ടിൽ നിന്നു മണൽ ചോർന്നുപോകുന്നതുപോലെയായിരുന്നു കൂട്ടുകുടുംബത്തിന്റെ അധപതനം. അച്ഛന്റെയും അമ്മയുടേയും കാലശേഷം ബന്ധുജനങ്ങൾ ഓരോരുത്തരായി പിരിഞ്ഞു. ഇപ്പൊ പലകോണുകളിൽ.. പല ദിക്കിൽ..

ദാക്ഷായണിയുടെ; അല്ല, ഞങ്ങളുടെ മകളുടെ പേരിൽ ഇല്ലം എഴുതിക്കൊടുക്കണം. അവളുടെയും എന്റേയും പകുതി വസ്തുവകകൾ അനാഥാലയത്തിലേക്കും കൈമാറണം. ഭാനുവുമായി ചേർന്നെടുത്ത തീരുമാനമായിരുന്നു അത്. ഇപ്പോൾ 'വിധിച്ചത്' ദാക്ഷായണിയും.. എടുത്ത തീരുമാനങ്ങളിൽ ഇത്തിരി ആശ്വാസമേകുന്നവ ഇതൊക്കെയാണ്. എന്നാൽ ഒരു ചോദ്യം വീണ്ടും അവശേഷിക്കുന്നു.. ജീവിതത്തിനു എന്തെങ്കിലും അർത്ഥമുണ്ടായിരുന്നൊ?! ഒരുത്തരം കണ്ടെത്താനുള്ള അന്വേഷണത്തിലാണ്..

പഴയ ആ വയസ്സൻ ചെമ്പകം ഇപ്പോഴുമുണ്ട്‌.. എപ്പോഴും അതവിടെ തന്നെ ഉണ്ടാകണം.. കുട്ടികൾ ഇനിയുമതിനു ചുറ്റും കളിക്കട്ടെ.. ചിലപ്പോൾ ആ പത്തുവയസുകാരനും ദാക്ഷായണിയും ഒരിക്കൽക്കൂടി.. 

അപ്പോഴേക്കും ഓപ്പോളിന്റെ വിളിയുയരും, "വേഗം വരൂ കുട്ട്യോളെ, ഊണ് കാലായി..!"


പിന്നെ ഓണത്തുമ്പികൾ ചെമ്പകച്ചുവട്ടിൽ വട്ടമിട്ടുപറക്കും.. പിന്നാലെ കുട്ടികളും.. അപ്പോഴേക്കും കുളത്തിലെ ആമ്പലും പൂത്തിട്ടുണ്ടാകും..