സ്കൂൾ വിദ്യഭ്യാസകാലത്തിന്റെ സ്മരണകളിൽ ആദ്യം ഓടിയെത്തുന്നത് എന്റെ ഇളമാട് സ്കൂളാണ്. ഏറ്റവും കൂടുതൽ കാലം പഠിച്ചതും അവിടെ തന്നെയാണ്. ഓർമ്മകളുടെ ഏഴുവർഷത്തെ വസന്തകാലം. അല്ല, പ്രി പ്രൈമറിയും കൂട്ടി എട്ടുവർഷം. സ്കൂൾ ജീവിതത്തിനിടയിലാണ് അച്ചനെ നഷ്ടമായതെങ്കിലും വിദ്യാഭ്യാസകാലത്തിന്റെ ആരംഭഘട്ടത്തിൽ അച്ചന്റെ ഓർമ്മകളാണ് കൂടുതലും. നഴ്സറിസ്കൂളിൽ എന്നെ ചേർത്തത് അച്ചനായിരുന്നു. ആദ്യദിവസം തന്നെ ഞാൻ കരഞ്ഞ് ബഹളം കൂട്ടി, അച്ചനോടൊപ്പം വീട്ടിലേക്കോടാനൊരുങ്ങിയ എന്നെ തടഞ്ഞുകൊണ്ട് ടീച്ചേഴ്സ് വാതുൽക്കൽ നിന്നു. ഇരുപതിലേറെ കോണിപടികളുണ്ടായിരുന്ന എന്റെ നഴ്സറി സ്കൂളിന്റെ പടികൾ തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി പോകുന്ന അച്ചന്റെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്.
സ്കൂളിലെ എന്റെ ആദ്യ റ്റീച്ചർ വിശാലാക്ഷിയമ്മ റ്റീച്ചർ. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്കും ഒരു പെൺകുട്ടിക്കും ഒരേപോലുള്ള ബാഗായിരുന്നു. അതുകൊണ്ടായിരിക്കണം ഞാനവളെ ശ്രദ്ധിച്ചതും, ജീവിതത്തിലാദ്യമായി എന്നെ ആകർഷിച്ചവൾ എന്ന പദവി അവൾക്ക് നൽകിയതും, ഹ..ഹ..!
അന്ന് സ്കൂളിൽ പോയിരുന്നത് വീടിനു കുറച്ച് താഴെയുള്ള വയലും അതിനോട് ചേർന്നുള്ള തോടും കടന്നായിരുന്നു. കർക്കിടകത്തിലെ പെരുമഴയിൽ വെള്ളം കെട്ടിനിന്ന് തോടും വയലും ഒന്നാകുമായിരുന്നു. ഏതാണു തോട് ഏതാണു വയൽ എന്ന് കാണാൻ പറ്റാത്ത അവസ്ഥ്. വയൽ വരമ്പ് പോലും കാണാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് തന്നെ അന്നൊക്കെ ഒന്നോ രണ്ടോ ദിവസം എന്നെ സ്കൂളിൽ വിടില്ല. മഴ വീണ്ടും തകർത്ത് പെയ്യാൻ ഞാൻ പ്രാർത്ഥിക്കുമായിരുന്നു !
സ്കൂളിൽ പോകുന്നതും വരുന്നതും ചേച്ചിമാരും കൂട്ടുകാരുമൊക്കെയടങ്ങുന്ന ഒരു ചെറിയ കൂട്ടമായായിരുന്നു. രണ്ടും മൂന്നുംപേരു ചേർന്ന് ഒരു കുടക്കീഴിൽ യാത്രചെയ്യും; വഴിവക്കിലെ ചേറും അടിച്ച്‌തെറിപ്പിച്ചുകൊണ്ട്. മഴ കുറഞ്ഞാലും വയലിൽ കെട്ടിനിലക്കുന്ന വെള്ളം താഴാൻ ദിവസങ്ങൾ തന്നെയെടുക്കും. സ്കൂൾ വിട്ട് വരുന്ന വഴി വെള്ളം കെട്ടിക്കിടക്കുന്ന വയലിൽ 'പരേഡ്' കളിക്കുക ഞങ്ങളുടെ പതിവായിരുന്നു. ഒരിക്കലൊരാൾ അതുകണ്ട് വഴക്കു പറഞ്ഞു ഞങ്ങളെയോടിച്ചു! പിന്നെ ആ കളി തുടർന്നില്ല..
ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നസമയത്ത് ചേട്ടൻ ഏഴിലായിരുന്നു. ഒരിക്കൽ ഒരു തമാശയുണ്ടായി; ഒരു ദിവസം ഉച്ചയൂണിന് വിട്ടപ്പോൾ ഞാനും ചേട്ടനും കൂട്ടുകാരനുംകൂടി പാത്രം തുറന്ന് കഴിക്കാൻ ആരംഭിച്ചു. ഏതാണ്ട് പകുതി കഴിച്ചുകാണും അപ്പോഴതാ മണിനാദം! അപ്പോഴാണറിഞ്ഞത് അത് ഉച്ച്യൂണിനു മുൻപുള്ള ഇന്റെർവൽ ആയിരുന്നൂയെന്ന്! പിന്നെ പാത്രം തിരിച്ചടച്ച് കൈകഴുകി ക്ലാസ്സിൽ പോയിരുന്നു!
കൂട്ടുകാർ കുറെയുണ്ടായിരുന്നെങ്കിലും എടുത്തുപറയാൻ ഞങ്ങൾ മൂന്ന് പേരായിരുന്നു കൂട്ട്. ഒരേ ക്ലാസ്സിൽ ഒരേ ബഞ്ചിൽ, എന്നാൽ വിവിധയിടങ്ങളിൽ നിന്നു വരുന്നവർ. ത്രിമൂർത്തികൾ എന്ന് ഞങ്ങൾ തന്നെ വിളിച്ചിരുന്നവർ.. അതിൽ ഞങ്ങൾ രണ്ട് പേർക്ക് ചിത്രരചനയുടേയും ഒരാൾക്ക് സംഗീതത്തിന്റെയും 'അസ്കിത'യുണ്ടായിരുന്നു. ചിത്രരചനയെന്നുപറഞ്ഞാൽ എനിക്ക് നിരവധി സമ്മാനങ്ങളൊക്കെ സ്കൂളിൽ നിന്നുകിട്ടിയിട്ടുണ്ട് ! ഒരിക്കൽ കളർ പെൻസിൽ ഇല്ലാതെ വിഷമിച്ചിരിക്കുമ്പോൾ മുൻപിലതാ ഒരുകെട്ട് സ്കെച് പേനകളുമായി അച്ചൻ! എന്നാൽ അതൊക്കെ അന്നു തന്നെ തീർക്കുകയും ചെയ്തു..
ആയിടക്കാണ് അച്ഛൻ എന്ന തണൽമരം കടപുഴകിയത്. അധികം വിഷമമൊന്നും തോന്നിയിരുന്നില്ല.. കാരണം ഒരു ആറാം ക്ലാസുകാരനു പിതൃ-നഷ്ടത്തിന്റെ ആഴം അന്ന് എത്രത്തോളമാണ് മനസ്സിലാക്കാൻ കഴിയുക?
അമ്മ(അമ്മച്ചി) അധികമൊന്നും സ്കൂളിൽ വരുമായിരുന്നില്ല. പരീക്ഷ കഴിഞ്ഞുൽള പി.റ്റി.എ മീറ്റിങ്ങിനും വല്ലപ്പോഴുമുള്ള പ്രതിരോധ-മരുന്ന് കുത്തിവയ്പ്പിനുമൊക്കെയായിരുന്നു അമ്മയുടെ വരവ്. അമ്മ വന്നാൽപിന്നെ ഞാൻ മുഠായി വാങ്ങിപ്പിക്കാതെ വിടില്ലായിരുന്നു. പുളിമുഠായിക്കായിരുന്നു അന്നേറ്റവും കൂടുതൽ ഡിമാന്റുണ്ടായിരുന്നത്!
വൃശ്ചികമാസമെത്തിയാൽ തൃക്കർത്തികായോടനുബന്ധിച്ച് അന്ന് മുറ്റത്ത് അത്തമിടുമായിരുന്നു. ഡിസംബറിലെ മഞ്ഞത്ത് കുറ്റിക്കാടും മുള്ളുമൊക്കെ താണ്ടി കാർത്തികപ്പൂ പിച്ചാൻ ഞങ്ങൾ(സ്കൂളിൽ ഒരുമിച്ചുപോകുന്നകൂട്ടം!) അതിരാവിലെ പോകുമായിരുന്നു..
സ്കൂളിനോട് ചേർന്നായിരുന്നു അമ്പലം. അതുകൊണ്ട് തന്നെ അമ്പലപ്പറമ്പിൽ വൃശ്ചികത്തിലെ കാറ്റത്ത് ഓടിക്കളിക്കാൻ ഒരു സുഖമായിരുന്നു. അമ്പലപ്പറമ്പിന്റെ ഓരത്തായി മുകളിലേക്ക് മണൽ കലർന്നതിട്ടയും ഏറ്റാവും മുകളിലായ് ഒരു ചെമ്പകവും ഉണ്ട്. ചെമ്പകപ്പൂപിച്ചി അതുമായി മണൽതിട്ടയിലൂടെ താഴേക്ക് നിരങ്ങുക ഒരു പതിവയിരുന്നു ഞങ്ങളുടെ..
ഇന്നെല്ലാം ഓർമ്മകളാണ്. വെറും ഓർമ്മകൾ.. അന്നോടിക്കളിച്ച അമ്പലപ്പറമ്പും ചെമ്പകവും സ്കൂളിലെ പൊടിമണൽ കലർന്ന വിശാലമായ മുറ്റവും ഇന്നില്ല. അമ്പലപ്പറമ്പിന്റെ സ്ഥാനത്ത് ഒരു വലിയ കല്യാണമണ്ഠപമായിരിക്കുന്നു. സ്കൂളിൽ എങ്ങും തിങ്ങിനിറഞ്ഞ കെട്ടിടങ്ങൾ..
വയൽ വരമ്പിലൂടെ പോകുമ്പോൾ പലപ്പോഴും ആ 'പരേഡ്'കളി ഓർമ്മവരും. മഴപെയ്യുമെങ്കിലും ഇപ്പോൾ വയലിൽ വെള്ളം കെട്ടിനിൽക്കാറില്ല. വയൽ എന്നുപോലും ഇപ്പോൾ പറയാനാകില്ല..; കാരണം ഇന്നത് വെറും തരിശ്ശുഭൂമിയാണ്. ഇടക്ക് വാഴക്കൃഷിയായിരുന്നു. കുറേക്കാലം കഴിഞ്ഞാൽ ചിലപ്പോൾ റബ്ബർ ആയേക്കാം. ഇളമാടിനെ* ഇളമടാക്കി നിർത്തിയിരുന്ന അരയാലിനും ചിറക്കും വരെ മാറ്റം വന്നു. ആ വലിയ ആൽ ഇന്നില്ല. ചിറയിൽ തളിർത്ത് പൂത്തു നിന്നിരുന്ന താമരകൾക്കും 'വംശനാശം' വന്നുകഴിഞ്ഞു.
ഒന്നൊ രാണ്ടോ ദിവസം മാത്രം ആയുസ്സുള്ള പിണക്കങ്ങളും, പരസ്പരമുള്ള കളിയാക്കലും, തമാശയുമായും ഒക്കെ കലർന്ന നിഷ്കളങ്കമായ ആ സൗഹൃദമൊക്കെ എങ്ങോ പൊയ്പ്പോയി. 'തൃമൂർത്ഥി'കൾക്കും മാറ്റമുണ്ടായി. ഒരാളെ ടൗണിലും മറ്റും വച്ച് വല്ലപ്പോഴും കാണും. ചിലപ്പോൾ ഒരു ചിരി അല്ലെങ്കിൽ ഒരുവരിയിലൊതുങ്ങുന്ന സുഖാന്യേഷണം. മറ്റേയാളുമായ് ഫോണിലും നേരിട്ടുമായി സൗഹൃദം തുടരുന്നു.
പണ്ട് ഒരുമിച്ചുണ്ടായിരുന്നവരിൽ രണ്ട് ചേച്ചിമാരെ കല്യാണം കഴിച്ചയച്ചു. രണ്ടുപേർ വെയ്റ്റിങ്ങ്‌ലിസ്റ്റിലാണ്.
എല്ലാത്തിനുമൊടുവിൽ എനിക്കും വന്നു മാറ്റങ്ങൾ. ചെറുപ്പത്തിൽ ചിത്രകലയിൽ നല്ലൊരു ഭാവിയുണ്ടെന്ന് പലരും പറഞ്ഞത് ഓർക്കുന്നു. എന്നാൽ അവസാനമായി പടം വരക്കാൻ പെൻസിൽ കയ്യിലെടുത്തത് എത്രവർഷം പിറകിലാണെന്ന് കൃത്യമായി ഓർമ്മവരുന്നില്ല. പഴയ ചിത്രങ്ങളിൽ നിലവാരം പുലർത്തുന്നു എന്ന് ഞാൻ വിശ്വസിച്ചിരുന്ന ചിത്രങ്ങൾ ഇന്നും സൂക്ഷിക്കുന്നു; ഒരു തെളിവിനായി..
വർഷങ്ങൾ കഴിയുമ്പോൾ എല്ലാം വീണ്ടും മാറും. എല്ലായ്പ്പോഴത്തേയും പോലെതന്നെ കാലത്തിനുപറയാൻ അപ്പോഴും കാരണങ്ങളുണ്ടാകും.. അതിന്റേതായ കാരണങ്ങൾ ..
*എന്റെ നാട്
ഇനിയും ചിത്രങ്ങള്‍ വരയ്ക്കൂ
ReplyDeleteവര്‍ണ്ണങ്ങള്‍ വിടരട്ടെ
വരയോടും വർണ്ണത്തോടുമൊക്കെയുള്ള താൽപര്യമൊക്കെ കുറഞ്ഞു! നന്ദി അജിത്തേട്ടാ..
Deleteഒരു പിടി ഗൃഹാതുര ചിത്രങ്ങള്‍ !!
ReplyDelete@വേണുഗോപാൽ, സന്ദർശ്ശനത്തിനും അഭിപ്രായത്തിനും നന്ദി..!! വല്ലപ്പോഴും ഇതുവഴി ഇനിയും വരൂ..
Deleteനമുക്ക് ജീവിതത്തില്‍ പ്രാരാപ്തങ്ങള്‍ എന്ത് എന്ന് അറിയാതെ ജീവിക്കുവാന്‍ കഴിയുന്ന കാലം ബാല്യകാലമാണ് .ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുന്ന കാലവും .ഓര്‍മ്മ കുറിപ്പ് നന്നായിരിക്കുന്നു അച്ഛന്റെ വേര്‍പാട് ഒഴികെ നല്ലൊരു വായനാസുഖം ലഭിച്ചു .ആശംസകള്‍
ReplyDelete@ഇന്ദ്രധനുസ്, ബാല്യകാലത്തെ ഓർക്കാത്തവരായ് ആരും കാണില്ല. സന്ദർശ്ശനത്തിനും അഭിപ്രായത്തിനും നന്ദി ഭായ്!!
DeleteThis comment has been removed by the author.
ReplyDeleteകുട്ടികാലത്തിന്റ്റെയും വലുതാകലിന്റെയും ഇടയില്‍ പെയ്തു തീരുന്നു ഒരുപാട് ഒരുപാട് കാലം, ഇത്തിരി കൂടി എഴുതാമായിരുന്നു എന്നു തോന്നി തുടക്കം നന്നായി, ഒടുക്കം പെട്ടെന്ന് ഒരു മടിയോ എന്തോ പറ്റിയ പോലെ പെട്ടെന്ന് പറഞ്ഞു തീര്‍ത്തെന്നു തോന്നി
ReplyDelete:)
Deleteനന്ദി ഭായ്