Monday, 1 December 2014
Saturday, 22 November 2014
ചുംബനം, അരാജകത്വം, സദാചാരബോധം
എന്താണ് സംസ്കാരം, ദുരാചാരം, സദാചാരം എന്നിവ? നമ്മുടെ നാട്ടിൽ അമ്മാവന്റെ മകൾ അല്ലെങ്കിൽ മകൻ ആണ് മുറ. എന്നാൽ തമിഴ്‌നാട്ടിലേക്ക് ചെല്ലുമ്പോൾ അത് 'മുറൈ മാമൻ' ആയി. എന്നാൽ അത് ശെരിയല്ല അമ്മാവന്റെ മകൻ അല്ലെങ്കിൽ മകൾ ആണ് ശെരി എന്നു പറയാൻ നമ്മുക്ക് കഴിയില്ല. കാരണം അവർ പഴകിവന്ന ശീലങ്ങളും ഇവിടുത്തേതും വ്യത്യസ്തങ്ങളാണ്. അതുപോലെ തന്നെ സതിപോലെയുള്ള ആചാരങ്ങൾ ഒരു കാലഘട്ടത്തിൽ സദാചാരമായിരുന്നു. എന്നാൽ ഭൂരിഭാഗം ജനങ്ങളും പിൻതാങ്ങിയിരുന്ന അത്തരം ആചാരങ്ങൾ പിൽക്കാലത്ത് ദുരാചാരമായിമാറി. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങളിൽ ഭൂരിഭാഗം ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കേണ്ട കാര്യമില്ല. നമ്മുടെ ഒരു ജനാധിപത്യരാഷ്ട്രമാണ്. എങ്കിലും ഒരു സമയത്ത് കമ്മൂണിസ്റ്റ് പാർട്ടിയാണ് കേരളത്തിൽ ഭൂരിഭാഗം(ഇപ്പോഴുള്ള കാര്യം അറിയില്ല) എന്നു കരുതി ബാക്കിയുള്ളവരും ആ പാർട്ടിയിൽ അണിചേരണമെന്ന് പറയുന്നത് പോലെയാണിത്തരം പ്രാകൃതമായ സദാചാരബോധം ഉണർത്തുന്നത്. സദാചാരത്തേക്കുറിച്ചും അശ്ലീനതയെ കുറിച്ചുമുള്ള ചർച്ചകളിൽ ഭൂരിഭാഗം സംഘടനകളിലും അഭിപ്രായവ്യത്യാസങ്ങൾ വന്നു എന്നാണറിയാൻ കഴിഞ്ഞ വിവരം. അതായത് ഇത്തരം കാര്യങ്ങളിൽ വ്യക്തിഗതമായ അഭിപ്രായങ്ങളിൽ ഭിന്നതയുണ്ടാകുന്നു.
ചുംബനം എന്നത് ഒരാളുടെ വ്യക്തിസ്വാതത്ര്യമാണെന്നകാര്യം മലയാളി പലപ്പോഴും മറന്നുപോകുന്നു. എന്നാൽ വ്യക്തിസ്വാതന്ത്ര്യം എന്നത് നിയമത്തെ ഉൾക്കൊണ്ടുകൊണ്ട് എന്നാൽ അതിലുമുപരി ഔചിത്യത്തിലധിഷ്ഠിതമായ ഒന്നാണ്. മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുക, ലാലേട്ടൻ പറഞ്ഞപോലെ "നിങ്ങൾ എന്റെ കണ്മുൻപിൽ വച്ച് ചുംബിക്കരുത് എന്നു പറയാൻ എനിക്ക് ഒരവകാശവുമില്ല. ഇഷ്ടമില്ലാത്ത കാഴ്ചകളിൽ നിന്ന് ഞാനാണ് മാറിപ്പോകേണ്ടത്". ഫേയ്സ് ബുക്കിൽ ആരോ പറഞ്ഞ അഭിപ്രായം പോലെ വീട്ടിലെ ടി.വി.യിൽ കുടുംബപരമായി കാണാൻ ഇഷ്ടപ്പെടാത്ത കാഴ്ചകൾ വന്നാൽ ആരും ടി.വി തല്ലിത്തകർക്കുന്നില്ല; അടുത്ത ചാനലിലേക്കു പോകുന്നു.
സെൻസർ ചെയ്തുവരുന്ന നമ്മുടെ ചലച്ചിത്രങ്ങൾ അശ്ലീല ചിത്രങ്ങൾ(അഡൾട് ഒൺലി സർട്ടിഫിക്കേഷനോടു കൂടിയവ) അല്ലാത്തവ എന്നിങ്ങനെ ആസ്വാദകർക്കായി തരംതിരിച്ചുപോരുന്നു. അശ്ലീലചിത്രങ്ങളലല്ലാത്തവയിൽ ചുംബനം നിരോധിക്കുന്നുണ്ടൊ? നിയമങ്ങളിലെവിടെയെങ്കിലും ചുംബനം നിരോധിക്കപ്പെട്ടിട്ടുണ്ടൊ? നമ്മുടെ ബസ്സുകളിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്നതൊ അവരെ കാർന്നുതിന്നുന്ന മുനയുള്ള നോട്ടങ്ങളൊ, പബ്ലിക്കിൽ മലമൂത്ര വിസർജ്ജനമൊ; പുകവലിയൊ, മതങ്ങൾക്ക് ബലിയാടായുള്ള ദുരഭിമാനക്കൊലയൊ മറ്റൊ അല്ല, ഇത്തരക്കാർക്ക് സഹിക്കാൻ കഴിയാത്തത് രണ്ടുപേർ അന്വോന്യം ഇഷ്ടത്തോടെ സമ്മതത്തൊടെ ചെയ്യുന്ന ചുംബനമാണ്! അന്യന്റെ സഹോദരിയിൽ ഇവർക്ക് തോന്നുന്ന കപടസദാചാരത്തിൽ നിന്നുമാലോചിക്കണം എത്രത്തോളമായിരിക്കും ഇവരുടെ സ്വന്തം സഹോദരിമാർ അനുഭവിക്കുന്ന പുരുഷമേധാവിത്വം എന്നത്.
"ചുംബനവും സദാചാരവും - ചില സ്ത്രീ (പക്ഷ) ചിന്തകൾ" എന്ന ലേഖനം കുറച്ചു ദിവസങ്ങൾക്ക് മുൻപ് വായിക്കാനിടയായി. മകളുടെ ഇഷ്ടത്തോടെ അനുവാദത്തോടെ അവളെ ചുംബിക്കുന്നതിൽ ഒരിഷ്ടക്കേടും ഇല്ലെന്ന് തുറന്ന് പ്രകടിപ്പിച്ച ഒരമ്മയുടെ മനസ്സ് അവിടെ എനിക്ക് കാണാൻ കഴിഞ്ഞു. ഒരു പൊതുസ്ഥലത്ത് പ്രണയിതാക്കൾ അടുത്തിടപഴകുന്നുണ്ടെങ്കിൽ അത് വീട്ടുകാരറിഞ്ഞാൽ പ്രശ്നമില്ല അല്ലെങ്കിൽ പ്രശ്നമില്ലാത്തത്ര സ്വകാര്യതയെ അവർക്കിടയിലുള്ളു എന്ന് സാമാന്യബോധമുള്ളവർക്ക് മനസ്സിലാകും. അപ്പോൾ ഇവിടെ പൊതുസ്ഥലത്ത് പ്രണയിതാക്കൾ പാടില്ല എന്നതാണല്ലൊ ഇവരുടെ നിലപാട്. പാർക്കുകൾ ബീച്ചുകൾ തുടങ്ങിയവയുടെ നല്ലൊരു വശം എന്തെന്നാൽ ഇവയൊക്കെ ലൈംഗികച്ചുവയില്ലാത്ത പ്രണയം ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു ചുറ്റുപാട് സമ്മാനിക്കുന്നു എന്നതാണ്. എന്നാൽ അവയൊക്കെ അനാശാസ്യം മാത്രമാണെന്നു പറയുന്ന കപടസദാചാരവാദികൾക്കെതിരെ ചുംബനം ഒരു സമരരീതിയായെടുക്കണമെങ്കിൽ അതിവുടുത്തെ സാഹചര്യം അതായതുകൊണ്ടാണ്. ഡൗൺ ടൗൺ എന്ന ഹോട്ടൽ അടിച്ചുതകർത്തതുമാത്രമല്ല, കപടസദാചാരം മറ്റ് പലയിടങ്ങളിലും അസഹനീയമായതുകൊണ്ടാവണം ഞാനുള്പ്പെടുന്ന ഒരു കൂട്ടം യുവജനങ്ങൾ ചുംബനസമരത്തെ അനുകൂലിക്കുന്നത്. എന്നാൽ എടുത്തുപറയേണ്ട ഒരുകാര്യം കുറെയധികം ജനങ്ങളെങ്കിലും ഈ സമരരീതി തെറ്റിധരിക്കപ്പെട്ടിരുന്നു എന്നതാണ്. രണ്ട് അപരിചിതരായ ആൺകുട്ടിയും പെൺകുട്ടിയും വന്ന് പരസ്പരം ചുംബിക്കുവാനുള്ള അവസരമല്ല ഈ പ്രധിഷേധസമരമെന്നും ഇത് സദാചാര ഗൂണ്ടായിസത്തിനെതിരെയുള്ള പ്രതീകാത്മകമായ സമരമാണെന്നും പലരും മനസിലാക്കിയിരുന്നില്ല. ഒരേ ചിന്താഗതിയുള്ളവരെ സംഘടിപ്പിക്കുവാനും പ്രണയിതാക്കൾ ഉണ്ടെങ്കിൽ അവർ പരസ്പരം ചുംബിച്ച് പ്രതിഷേധിക്കാനുമായിരുന്നു സംഘാടകർ തീരുമാനിച്ചിരുന്നത് എന്നാണു ഞാനറിഞ്ഞ വസ്തുത. അതിനപ്പുറം പൊതുസ്ഥലത്ത് ചുംബിച്ച് പബ്ലിസിറ്റി നേടാനും കാമദാഹം തീർക്കാനും ഉള്ള ലൈസെൻസിനുവേണ്ടിയായിരുന്നില്ലിത്തരം സമരങ്ങൾ എന്ന് ഞാൻ മനസ്സിലാക്കുന്നു.
മത-രാഷ്ട്രീയ പാർട്ടികൾ സദാചാരകാവലാൾ ആകുന്ന സമൂഹത്തിൽ അവരുടെ നിലപാടുകൾ ഊഹിക്കാവുന്നതേയുള്ളു. ജനങ്ങളിൽ തെറ്റിധാരണയുണ്ടാക്കി അവരുടെ ശ്രദ്ദപിടിച്ചുപറ്റുന്നതിലായിരിക്കുമല്ലൊ അവരുടെ കണ്ണ്! എന്നാൽ വേറെ ഒരുകൂട്ടത്തിന്റെ വാദം മറ്റൊന്നാണ്; ചുണ്ടിൽ ചുംബിക്കുന്നത് എല്ലായ്പ്പോഴും സെക്സും കവിളിലാണേൽ അത് നിഷ്കളങ്കമായ സ്നേഹവും ആണെന്നാണിക്കൂട്ടർ പറയുന്നത്! മറ്റു ചിലരുടെ വാദം ചുംബിക്കുന്നത് രഹസ്യമായിട്ടു മാത്രം പോരെ എന്നാണ്. അങ്ങനെയെങ്കിൽ രഹസ്യമായി സെക്സും ആകാമല്ലൊ?! ബന്ധങ്ങളുടെ ദൃഡതക്കും ചില മുൻകരുതലുകൾക്കും വേണ്ടിയായിരിക്കണം സെക്സിന് വിവാഹമെന്ന ലൈസെൻസ് നിയമം ഏർപ്പെടുത്തിയിരിക്കുന്നത്.
റെയിൽവെ സ്റ്റേഷൻ, എയർപ്പോർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ചുംബനം ആശ്ലേഷണം തുടങ്ങിയ സ്നെഹപ്രകടനങ്ങൾ സാധാരണമാണ്. എന്നാൽ അവയൊക്കെ പൊതുസ്ഥലമാണെന്നകാര്യം മനസ്സിലാക്കെണ്ട ഒന്നാണ്.
അല്ലെങ്കിൽ തന്നെ യദാർത്ഥ പ്രണയിതാക്കളാരും പബ്ലിസിറ്റിക്കുവെണ്ടി നാലാൾ കാൺകെ ചുംബിക്കില്ല എന്നത് ചിന്തിക്കാവുന്നതേയുള്ളു.
എന്റെ നിലപാടെന്തെന്നാൽ ചുംബനം സെക്സ് അല്ല, അത് നാലാൾ കാണണം എന്നാഗ്രഹിച്ച് ചെയ്യേണ്ട ഒന്നല്ല; എന്നാൽ ചുംബിക്കുന്നത് മറ്റൊരാൾ കണ്ടു എന്ന കാരണത്താൽ നിയമം കയ്യിലെടുക്കുന്നത് തികച്ചും കപട സദാചാരമാണ്. അതാണ് മലയാളിയുടെ സംസ്കാരമെങ്കിൽ അതിനെ ഞാൻ എതിർക്കുന്നു. ബീച്ചിലും പാർക്കുകളിലും ലൈഗീകച്ചുവയില്ലാത്ത വൈകാരികമായ കളങ്കമില്ലാത്ത പ്രണയങ്ങൾ സ്വയ്‌ര്യമായി വിഹരിക്കട്ടെ. അന്യന്റെ സ്വകാര്യതകൾ വ്യക്തിസ്വാതന്ത്രങ്ങൾ എന്നിവ മറ്റുള്ളവർ തലയിടാതെ അവ നിയമത്തിന്റെ വഴിയിൽ സഞ്ചരിക്കട്ടെ. ചുബനം, അനാശാസ്യം, പ്രണയം, ലൈംഗികത എന്നിവക്ക് അതിന്റേതായ വേർത്തിരിവ് കൈവരട്ടെ.. പ്രാകൃതമായ വൈകല്യം നിറഞ്ഞ സംസ്കാരങ്ങൾ ആധുനിക സാന്മാർഗ്ഗികതക്ക് വഴിമാറട്ടെ..!
Friday, 5 September 2014
അയാൾ (II)
വേഗത്തിൽ മതിൽ എടുത്തുചാടുമ്പോൾ വീട്ടിൽ ആരും ഇല്ലാതിരിക്കണേയെന്ന പ്രാർത്ഥനയായിരുന്നു. ഊഹിച്ചതുപോലെതന്നെ വീട്ടിൽ ആരുമില്ലായിരുന്നു.. ആ ആനമെലിഞ്ഞ് കൂട്ടിൽ ചങ്ങലക്കിട്ടിരുന്ന പട്ടിയല്ലാതെ! ഇരുൾമറവിൽ പാഞ്ഞ് ചെന്നുപെട്ടതൊ ആ 'നായിന്റെ മോന്റെ' മുന്നിലും. കണ്ടയുടനെ പട്ടി എണീറ്റു നിന്നൊരു സലൂട്ടും കൂടെ ബഹുമാനാർഹമായ കുരയും തുടങ്ങി. പദ്ദധിക്ക് എന്തോ ചെറിയപാളിച്ച പറ്റിയൊ എന്ന് സംശയിച്ചെങ്കിലും അടുത്ത നിമിഷത്തിൽ അയാൾ 'മയക്കുപൊടി റെസിപിയിൽ' പൊരിച്ചെടുത്ത കോഴിക്കാൽ 'ഡോഗർമോന്റെ' നേർക്ക് തൊടുത്ത് വിട്ടു. അതോടെ കുരയുടെ ബാറ്ററി ലോ ആയി, സ്വിച്ച് ഓഫിൽ എത്തി.
പിന്നെ ഒരു നിമിഷം അയാൾ മജീഷ്യൻ മുതുകാടാവുകയായിരുന്നു. താക്കോൽ സഹായമില്ലാതയാൾ വീടിനുള്ളിലേക്ക് പടർന്നുപന്തലിച്ചു.. സ്വന്തം ബോസ്സിന്റെ സ്വന്തം വീട്!
ഇരുപത്തിയഞ്ചാം വയസ്സിൽ നിർത്തിയതാണു മോഷണം. മാന്യമായ് തൊഴിലെടുത്ത് ജീവിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ മോഷണം പൂർണ്ണമായ് ഉപേക്ഷിച്ചു. സത്യസന്ധതയും അദ്ധ്വാനവും അയാളെ പല വലിയ കമ്പനികളിലും എത്തിപ്പിച്ചു. പിന്നീട് പ്രസ്തുത കമ്പനിയിൽ ദീർഘകാലം സേവനം. ശമ്പളവും ജോലിയുടെ സ്വഭാവവും അയാളെ അവിടെ നിന്നു മാറാൻ പ്രേരിപ്പിച്ചില്ല. ഒടുവിൽ കുടുംബത്തിൽ പുതിയൊരംഗത്തിന്റെ വരവറിയിച്ചതും ജോലിയിൽ നിന്നു പിരിച്ചുവിട്ടതും ഒരുമിച്ചായിരുന്നു. 'ഭാര്യക്കു പ്രസവവേദന ഭർത്താവിന് ഓഹരി വിപണി ഇടിവ് ' എന്നപോലെയായി കാര്യങ്ങൾ. "സ്വാഭാവിക പ്രസവത്തിൽ നിന്നും നിർഭാഗ്യവശാൽ ചില സങ്കീർണ്ണതകൾ ഉണ്ടത്രെ.. പുറത്തുനിന്നുള്ള മരുന്നുകൾക്ക് ഒരുതുകയാകും. കൂടെ നാട്ടുനടപ്പനുസരിച്ച് ഡോക്ടർക്ക് പ്രോൽസാഹനമായും എന്തേലും നൽകണമല്ലൊ !" സാമ്പത്തികമാന്ദ്യത്തിന്റെ വായ്ത്തലപ്പിൽ ഒരു 'കലക്കലിലേക്ക് ' ചിന്തിച്ചെങ്കിലും എല്ലാവരും ചെയ്യുന്ന തെറ്റ് ആവർത്തിക്കേണ്ടെന്ന് അയാൾക്ക് തോന്നി. സ്വന്തം സാഹചര്യത്തെ ശപിച്ചുകൊണ്ടയാൾ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന വിസകിട്ടി പോയവരുടെ പഴയ കുടുംബ ഫോട്ടോയിലേക്കൊന്നു നോക്കി. അവിടെ ആരൊക്കെയൊ "കള്ളൻ, കള്ളൻ.." എന്ന് വിളിച്ചുകൂവുന്നുണ്ടായിരുന്നു.
സമയം അർദ്ധരാത്രിയോടടുക്കുന്നു. അരണ്ട വെളിച്ചത്തിൽ ഹാളിലെ ബോസിന്റെ ഫാമിലി ഫോട്ടൊ അയാൾ ശ്രദ്ധിച്ചു. ഭാര്യയും മകളും അടങ്ങുന്ന മൂന്നംഗകുടുംബം. മനസ്സിൽ ചോദ്യങ്ങളുയർന്നു. " ഒരു കുടുംബത്തിന്റെ പ്രാരാബ്ദങ്ങൾ അറിയാവുന്ന ഒരാളായിട്ടും തന്റെ കുടുംബം അയാൾ കണ്ടില്ല!! ദീർഘകാലസേവനത്തിൽ ആദ്യമായി വരുത്തിയ ചെറിയൊരു പിഴവു.. മറ്റ് ജോലിക്കാരുടെ മുൻപിൽ വച്ചുള്ള ശകാരം, പിന്നെ ഉദ്യോഗത്തിൽ നിന്നും തട്ടിത്തെറുപ്പിക്കൽ.." മോഷണത്തിനായ് മറ്റൊരുവീട് പിന്നെ തിരയേണ്ടിവന്നില്ല.
പെട്ടെന്നാണ് ജനാലയിലൂടെ കാറിന്റെ വെളിച്ചം കണ്ണിലേക്കടിച്ചുകയറിയത്. ബോസിന്റെ അപ്രതീഷിതട്വിസ്റ്റുമായി വീട്ടിലേക്കൊരു തിരിച്ചുവരവ്! 'മുതുകാടിനു' തീ പിടിച്ചപോലെ നമ്മുടെ നായകൻ അലമാരക്കകത്തേക്ക് ചാടിക്കയറി വാതിൽ നിശബ്ദമായ് അടച്ചു.
ബോസ്സാണ് ആദ്യം വാതിൽ തുറന്ന് കയറിയത്. പിന്നെ വരിവരിയായ് ഭാര്യയും മകളും. ഉറക്ക ക്ഷീണത്താലായിരിക്കണം മകൾ മുകളിലത്തെ നിലയിലേക്കുപോയി വാതിലടക്കുന്ന ശബ്ദം കേട്ടു. പിന്നെ ഭാര്യാ-ഭർത്താക്കന്മാരും ഹാളിനോടുചേർന്ന അവരുടെ മുറിയിലേക്കുപോയ്. കുറച്ചുകഴിഞ്ഞ് അവ്യക്തമായ ചില പിറുപിറുക്കൽ ശബ്ദങ്ങൾ മുറിക്കുള്ളിൽനിന്നു കേട്ടു. മുറിക്കുള്ളിലെ ഒച്ച കൂടിവന്നു. ബോസിന്റെ ശബ്ദമാണ് ആദ്യം അയാൾ ശ്രവിച്ചത്.
"നീയൊരു നല്ല അമ്മയായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ഒരച്ചനു മകളോട് പറയാൻ കഴിയാത്ത പല ഉപദേശങ്ങളുമുണ്ട്. എന്നാൽ നിനക്കതൊക്കെ നേരത്തെ പറഞ്ഞ് പഠിപ്പിക്കാമായിരുന്നു.."
"എനിക്ക് ചെയ്യാൻ കഴിയാമായിരുന്ന എല്ലാ ഉപദേശങ്ങളും ഞാനവൾക്ക് വയസറിയിച്ച കാലത്തേ നൽകിയിരുന്നു. നിങ്ങളുടെ അതിരുകവിഞ്ഞ നിയന്ത്രണമാണവളെ ഇങ്ങനെയൊക്കെയാക്കിത്തീർത്തത്. ഇനി പരസ്പരം കുറ്റപ്പെടുത്തിയിട്ടുകാര്യമില്ല. നമ്മുടെ മുൻപിൽ ഇനി ഒരു മാർഗ്ഗമേയുള്ളൂ, അവർ പറഞ്ഞ ശ്രീധനം നൽകുക. അവൾ പ്രണയിച്ചയാളെ അവൾക്ക് തന്നെ കിട്ടുമല്ലൊ അപ്പോൾ"
"പ്രണയം! വലിയ വീട്ടിലെ പിള്ളേർക്ക് ഗർഭം ഉണ്ടാക്കാനും ഒരച്ചന്റെ ദൗർബല്യത്തിലൂടെ 'സ്ത്രീ'ധനത്തെ പുതിയരൂപത്തിൽ ചോദിക്കാതെതന്നെ നേടാനുമുള്ളതാണല്ലൊ ഇന്നത്തെ പ്രണയം.
നല്ല ജോലിക്കാരെ കാരണമില്ലാതെ കമ്പനിയിൽ നിന്നും പുറത്താക്കി. ആദ്യ സമ്പാദ്യമായി കാത്തുസൂക്ഷിച്ച കാർ വിറ്റു തൊലച്ചു. ഇനിയീ വീടും നാളെമുതൽ പണയം.." ഇടറിയ ആ വാക്കുകൾക്ക് മീതെ നിശബ്ദതയായിരുന്നു കാലത്തിന്റെയുത്തരം.
.......കുറെ സമയത്തിനുശേഷം ആ വീട്ടിൽ ഇരുൾ നിറച്ചുകൊണ്ട് വൈദ്ദ്യുതദ്വീപങ്ങളണഞ്ഞു. നിലാവ് രാത്രിയുടെ ആഴങ്ങളിലേക്ക് മുങ്ങിത്തുടങ്ങിയിരുന്നു. പരമ്പരാഗതമായ മോഷണ നിയമാവലിയിൽ അനുകമ്പ എന്നത് നിബന്ധനക്കെതിരാണെങ്കിലും ഉൾമുറിയിലെ രഹസ്യ അറയിൽ പണപ്പെട്ടി സൂക്ഷിക്കുന്ന ബോസിനെ അയാൾ കണ്ടില്ലെന്നു നടിച്ചു. ഒഴിഞ്ഞ കയ്യോടെ ബോസിന്റെ വീട്ടിൽ നിന്നിറങ്ങി വരുമ്പോൾ എവിടെയയിരുന്നു യഥാർത്ഥ്യത്തിൽ മോഷ്ടിക്കാൻ പോകേണ്ടിയിരുന്നത് എന്ന് അയാക്ക് ബോധ്യമായിരുന്നു.
ചാടുന്നതിനിടക്ക് മതിലിൽ വച്ചിരുന്ന ചെടിച്ചെട്ടി കൈതട്ടി നിലത്തേക്കു വീണു. പെട്ടെന്നു നൂറു വാട്സിന്റെ ഒരു ബൾബ് അയാളുടെ തലക്കുമേൽ ഉദിച്ചു! "ചെറിയ ആവിശ്യങ്ങൾക്കു പോലും എടുക്കാതെ അവൾ സൂക്ഷിച്ചിരുന്ന വഞ്ചിക്കുടം തട്ടുമ്പുറത്തെങ്ങൊ മാറാലപിടിച്ചിരിപ്പുണ്ട്.."
ഇപ്പോഴത്തെ ആവിശ്യത്തിന്് നല്ലൊരു തുക അതിൽ കാണുമെന്നുറപ്പായിരുന്നു. പലവട്ടം അവളെ വഴക്കുപറനിട്ടുണ്ടെങ്കിലും ഇപ്പോൾ അയാൾക്ക് ഭാര്യ ചെയ്ത വിവേചനത്തിൽ സ്വയം അഭിമാനം തോന്നി.
ജനിക്കാനിരിക്കുന്ന പെൺകുഞ്ഞിനെ പറ്റി അലോചിച്ച് ചെറിയൊരു നിശ്വാസത്തോടെ അയാൾ ആകാശതേക്കു നോക്കി.. ചെടിച്ചട്ടി വീണുടയുന്ന ശബ്ദം കേട്ട് അപ്പോഴേക്കും മുറിയിൽ വെളിച്ചം തെളിഞ്ഞിരുന്നു. സ്വന്തം വീടു ലക്ഷ്യമാക്കി അയാൾ മെല്ലെ മുന്നോട്ട് നീങ്ങി.
Thursday, 7 August 2014
നിറംവറ്റാത്ത തൂലികയിൽ ഒരു കുറിപ്പുകൂടി..
Thursday, 29 May 2014
അവരുടെ (52) ദിനങ്ങൾ
ഇതിനു ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. അഥവാ മറിച്ച് തോന്നിയാൽ അത് നിങ്ങളുടെ അഹങ്കാരം! അല്ലാതെന്ത്?! "
.
അവൾ മറുപടിയായി ഒരു താങ്ക്സ് പറഞ്ഞു; എന്നിട്ടു പിരിഞ്ഞു.
കുറേക്കാലം ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് പറഞ്ഞ് നടക്കുക.. പിറകെ നടന്ന് ശല്യം ചെയ്യുക, പിന്നെ പ്രണയിക്കുക.. അത്തരം പ്രണയങ്ങളൊന്നും അവനൊരിക്കലും അംഗീകരിക്കാൻ കഴിയില്ലാരുന്നു. ആദ്യം പ്രൊപോസ് ചെയ്തതും അവൾ ഉടനെ "ഐ ലവ് യു റ്റൂ" എന്ന് തമാശയിൽ പറഞ്ഞതും എല്ലാം ഒരു പശ്ചാസ്താപമായി തോന്നി. ഒരേ അഭിരുചികളുള്ള ഒരാളെ കണ്ടെത്തുക കുറെനാൾ ഒരുമിച്ചുനടന്ന് തമ്മിൽ മനസ്സിലാക്കി പിന്നീട് പ്രണയിക്കുക അതൊക്കെയായിരുന്നു അവന്റെ കാഴ്ചപ്പാടുകൾ.
.
"അതെന്താ ഇനി മിണ്ടിയാൽ?!"
"നമ്മുടെ കാര്യം നടക്കില്ലെന്ന് ഇയാൾ അന്നേ പറഞ്ഞതണല്ലൊ.. എനിക്ക് ഫ്രണ്ടായിനിയിരിക്കാൻ കഴിയില്ല. അടുത്തുവന്ന് മിണ്ടുമ്പോൾ ഉള്ളിലെ ഇഷ്ടം എനിക്ക് കൂടത്തേയുള്ളൂ. അതാ ഞാൻ എല്ലാം നിർത്താന്നു പറഞ്ഞത്.. "
അവൾ ഒരു ബൈ പറഞ്ഞു ഒന്നും മിണ്ടാതെ നടന്നുപോയി.
അവന്റെ കൂട്ടുകാരനും അവളുടെ കൂട്ടുകാരിയും അവരുടെയടുത്ത് ഉണ്ടായിരുന്നു. അവർ ഒരു ഫോട്ടോയുടെ കാര്യത്തിൽ തർക്കിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ അവസരത്തിൽ അവൻ അവളുടെ ഒരു ഫോട്ടോ ചോദിച്ചു. അവൾ ഫോട്ടോ ഉൾപ്പെടെയുള്ള ഒരു എക്സാം ഹാൾടിക്കറ്റ് അവനു നൽകി! എന്നിട്ട് എല്ലാം ഒരു സൗഹൃദമാണെന്ന് പറഞ്ഞിട്ടു പോയി.. എന്നാൽ കൂട്ടുകാരി വഴി അവളുടെ ഉള്ളിലുള്ള ഇഷ്ടം അവനറിഞ്ഞു.
.
അവൻ അന്നുറങ്ങിയില്ല. എന്തൊക്കെയൊ കിനാവുകൾ!
......................................................………..........................
.
പർദ്ദക്കു പകരം തട്ടം വന്നു.. കൈവെള്ള വരെ മൂടിനിന്നിരുന്ന ചുരുദാർ കൈകൾ അവൾ വെട്ടിക്കുറച്ചു. കൈയ്യിൽ മെയിലാഞ്ഞിയുടെ വർണ്ണങ്ങൾ വിരിഞ്ഞു..."
.
.........................................................................................
.
.
...............…………………….......................
.
സൂര്യൻ പലതവണ ഉദിച്ചസ്തമിച്ചു. ആയിടക്കാണ് അവനറിഞ്ഞത് അവളുടെ വീട്ടിൽ വിവാഹാലോചനകൾ നോക്കുന്നുണ്ടായിരുന്നു എന്ന്. എത്രയും വേഗം ഒരു വിവാഹം അതായിരുന്നു അവരുടെ ലക്ഷ്യം. വിദൂരതയിലെവിടെയോ പ്രതീക്ഷിച്ചിരുന്ന ഒരപകടം പെട്ടെന്നു മുൻപിൽ വന്നതായി അവനുതോന്നി. വാപ്പക്കെന്തോ അസുഖമുള്ളതായി അവൾ എപ്പൊഴോ പറഞ്ഞത് അവനോർത്തു. വീട്ടിലെ വൈകാരികമായ ഭീഷണികളും മനസിക സമ്മർദ്ദങ്ങളുമായിരിക്കും ഈ അകൽച്ചക്കും കാരണം എന്നത് അവന് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ.. .. "
.
വൈകുന്നേരം ഫോണെടുത്തുനോക്കിയപ്പോൾ ഒരു മിസ്ഡ് കോൾ; അവളുടെ ലാന്റ് ലൈനിൽ നിന്ന്. പണ്ടെപ്പൊഴോ അവളോട് പറഞ്ഞ വാക്കുകൾ അവനോർത്തു, "വൺ മിസ്‌കോൾ ഫ്രം യു, സിംപ്ലി മീൻസ് യു മിസ് മി...! "
..................…………......…..................................................
.
ദിവസങ്ങൾ പിന്നെയും കടന്നുപോയ്. അവളുടെ വിവാഹം ഏതാണ്ടുറപ്പിച്ചെന്നും ഒന്നരമാസം കഴിഞ്ഞുള്ള ഏതോ ദിവസം വിവാഹതീയതി നിശ്ചയിച്ചെന്നും ആരോ പറഞ്ഞറിഞ്ഞു. പെട്ടെന്നൊരു ഞട്ടെലുണ്ടാക്കിയില്ലെങ്കിലും പതിയെ പതിയെ അത് അവനിൽ ആഘാതമേൽപ്പിച്ചുതുടങ്ങി. കിട്ടിയ രണ്ടുമൂന്ന് ജോലികൾ ഓരോ കാരണമുണ്ടാക്കി അവൻ ഉപേക്ഷിച്ചു. എല്ലാം നഷ്ടപ്പെട്ടു..
.
യാഥാസ്ഥിതിയും അവളുടെ വീട്ടിലെ അവസ്ഥയും മറ്റ് പല കാരണങ്ങളും അവനെ സമ്മർദ്ദത്തിലാക്കി. എല്ലാക്കാര്യത്തിലും തുടർന്നുള്ള ജീവിതത്തിൽ പൂർണ്ണമായ സംതൃപ്തി അവളിൽ നിന്ന് കിട്ടുമൊ എന്ന വിശ്വാസക്കുറവായിരിക്കാം മറ്റൊരു കാരണം.
എവിടെയൊ കണ്ടുമറന്ന വരികൾ അവൻ ഡയറിയിൽ കുറിച്ചിട്ടു..
"നിന്നുള്ളിൽ എന്നോടുള്ള വെറുപ്പ് നിറയട്ടെ..
അത് നിന്നിലെ പ്രണയാന്ധകാരത്തേയകറ്റും..
നിൻ മുന്നിലൊരു വഴിതെളിയും അതിലൂടെ പോകൂ...
അവിടെ വസന്തങ്ങൾ നിന്നെയും കാത്തിരിപ്പുണ്ട്... "
.
തന്റെപോലെയുള്ള ഒരു ഓർത്തെഡോക്സ് ഫാമിലിയിൽനിന്നാവും വീട്ടുകാർ അവളുടെ വരനെ കണ്ടെത്തുക എന്ന് അവൾ ഒരിക്കൽ അവനോട് പറഞ്ഞതായി ഓർക്കുന്നു. ചിലപ്പോൾ സ്വന്തം കാഴ്ച്ചപ്പാടുകൾക്കും, ഇഷ്ടങ്ങൾക്കും, സ്വപ്നങ്ങൾക്കും വിലക്ക് കൽപ്പിച്ചവരുടെ കൂട്ടത്തിൽ ഒരുവൾ കൂടി.. തന്റെ മോഹങ്ങൾ എന്താണെന്നുപോലും സ്വയം അന്വേഷിക്കാതെ ജീവിതത്തിന്റെ അടുക്കളക്കോണിൽ ഉരുകിത്തീരുന്നവർ..
അതുമല്ലെങ്കിൽ............( ഒരു നെടുവീർപ്പ്....)......
.
ഇറങ്ങിയ അതേ വേഗത്തിൽ തന്നെ അവൾ തിരിച്ചു കയറി "ഹാ.. എന്താ?!"
കുറച്ചുമുൻപ് കൂടെയുണ്ടായിരുന്ന മറ്റെ തട്ടമില്ലെ.. അവൾക്ക് ലൈൻ ഉണ്ടൊ?!"
"ഉം.. ഉണ്ട് " ചെറിയ ചിരിയിൽ തലകുലുക്കി അവൾ പറഞ്ഞു. പിന്നെ പഴയ പോലെ പടി വേഗത്തിൽ ഇറങ്ങി എങ്ങോട്ടോ മറഞ്ഞു.
മാറിനിന്നിരുന്ന കൂട്ടുകാരൻ ചെറിയ നിരാശയിൽ അവന്റെയടുത്തേക്കു വന്നു; "ഇത്രയും നാൾ പുറകെ നടന്ന ഞാനൊരു മണ്ടൻ.."
"ടാ നീ വിട്ടേക്കെടാ.. അവൾ പോയാ അവൾടെ ......(ടൂൂ...!)...."
അവർ തിരിച്ചു ക്ലാസിലേക്കുനടന്നു.
.
"കൂട്ടുകാരിക്ക് ലൈൻ ഉണ്ടെന്നു പറഞ്ഞത് വെറുതെ ആയിരുന്നു അല്ലെ?!"
"ഉം.. ഞാൻ ചുമ്മാ പറഞ്ഞതാ. പക്ഷേ അവൾടെ പുറകെ നടക്കണ്ട. ഒന്നും നടക്കില്ല. ഫ്രണ്ടിനോട് അത് പറഞ്ഞേക്കൂ.."
"അതെന്താ ഒന്നും നടക്കാത്തെ?! എന്താ അവൾടെ പ്രശ്നം?"
"അവൾടെ പ്രശ്നം വേറൊന്നുമല്ല. മതം തന്നെയാണ്.."
"നിങ്ങളെന്തിനാണീ മതത്തിനെക്കുറിച്ച് ചിന്തിക്കുന്നത്? മതങ്ങൾ മനുഷ്യർ തന്നെ ഉണ്ടാക്കിയതാണ്. അത് മറക്കണ്ട"
"അതൊന്നുമെനിക്കറീല്ല. ഞങ്ങൾക്ക് വീട്ടുകാർ പറയുന്നതാണ് വിശ്വാസം. ന്റെ കാര്യമെടുത്താൽ അവളേക്കാൾ ആചാരനിഷ്ടയുള്ള കുടുംബം ന്റെയാണ്. ഒരു പക്കാ ഓർത്തഡോക്സ് ഫാമിലി.."
"അതിനിടക്ക് ബസ്റ്റാന്റ് എത്തിയല്ലൊ! അവരുടെ കാര്യം പറഞ്ഞ് ഇപ്പൊ ഇയാൾടെ വീട്ടുകാര്യമാണല്ലൊ നമ്മൾ സംസാരിച്ചത്. അതുകള, കൂട്ടുകാരിയോടൊന്നുപറഞ്ഞ് അവന്റെ കാര്യം ശെരിയാക്കിത്തരണേ! "
"ഉം നോക്കട്ടെ.."
അവർ രണ്ടുവഴിയായിപിരിഞ്ഞു; ഒരു യാത്രാമൊഴിപോലും പറയാതെ.. പിന്തിരിഞ്ഞുപോലും നോക്കാതെ അവർ നടന്നകന്നു...
ലേബൽ:
പ്രണയത്തെ അംഗീകരിക്കാൻ കഴിയാത്തവർക്ക് ആത്മാർത്ഥമായ ഇഷ്ടത്തേയും പ്രണയിതാക്കളേയും അന്ധകാരത്തിനുള്ളിലെ കാണാൻ കഴിയൂ.. ജാതിയുടെ, മതത്തിന്റെ, വർണ്ണത്തിന്റെ, പ്രായത്തിന്റെ, സമ്പത്തിന്റെ.. അങ്ങനെ നിരവധി അതിർവരമ്പുകൾ തീർത്ത അന്ധകാരത്തിനുള്ളിൽ..
എല്ലാവർക്കും എപ്പോഴും ഒരു മിഥ്യയിൽ കഴിയാനാണിഷ്ടം; മതങ്ങളുടേയൊ അന്ധവിശ്വാസങ്ങളുടേയൊ മിഥ്യയിൽ. ആരൊക്കെയൊ എന്നോ കൽപ്പിച്ച മത-നിയമങ്ങളേയും, ചുറ്റുമുള്ള സമൂഹത്തേയും പിന്തുടരാനുള്ള ഒരു തരം വാശിയിലാണ് അവർ എല്ലായ്പ്പോഴും. യാഥാർത്ഥ്യത്തിനുമുന്നിൽ കൺതുറക്കാനോ ഇഷ്ടപ്പെടുന്നവർ ഒന്നിച്ച് കഴിയുന്ന ഒരു സന്തോഷമുള്ള ജീവിതത്തെ അനുകൂലിക്കാൻ അവർ ഒരിക്കലും ശ്രമിക്കില്ല.
എല്ലാത്തിൽനിന്നും വേറിട്ട് സ്വന്തമായ കാഴ്ച്ചപ്പാടുകളും ചിന്തകളും ഉള്ള പുതിയൊരു തലമുറയുടെ പ്രത്യാശയിൽ...
സമ്മർദ്ദങ്ങൾക്കു വഴങ്ങി മറ്റുള്ളവർക്കായി സ്വന്തം ഇഷ്ടങ്ങളെ കുഴിച്ചുമൂടി നഷ്ടപ്പെട്ടുപോയ ആ വസന്തകാലത്തെ ഓർമ്മകളിൽ കൊണ്ടുനടക്കുന്ന എല്ലാ പ്രണയിതാക്കൾക്കുമായ്....
Saturday, 25 January 2014
ഇന്നലകളിലേക്ക് ഒരിക്കൽക്കൂടി..
സ്കൂൾ വിദ്യഭ്യാസകാലത്തിന്റെ സ്മരണകളിൽ ആദ്യം ഓടിയെത്തുന്നത് എന്റെ ഇളമാട് സ്കൂളാണ്. ഏറ്റവും കൂടുതൽ കാലം പഠിച്ചതും അവിടെ തന്നെയാണ്. ഓർമ്മകളുടെ ഏഴുവർഷത്തെ വസന്തകാലം. അല്ല, പ്രി പ്രൈമറിയും കൂട്ടി എട്ടുവർഷം. സ്കൂൾ ജീവിതത്തിനിടയിലാണ് അച്ചനെ നഷ്ടമായതെങ്കിലും വിദ്യാഭ്യാസകാലത്തിന്റെ ആരംഭഘട്ടത്തിൽ അച്ചന്റെ ഓർമ്മകളാണ് കൂടുതലും. നഴ്സറിസ്കൂളിൽ എന്നെ ചേർത്തത് അച്ചനായിരുന്നു. ആദ്യദിവസം തന്നെ ഞാൻ കരഞ്ഞ് ബഹളം കൂട്ടി, അച്ചനോടൊപ്പം വീട്ടിലേക്കോടാനൊരുങ്ങിയ എന്നെ തടഞ്ഞുകൊണ്ട് ടീച്ചേഴ്സ് വാതുൽക്കൽ നിന്നു. ഇരുപതിലേറെ കോണിപടികളുണ്ടായിരുന്ന എന്റെ നഴ്സറി സ്കൂളിന്റെ പടികൾ തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി പോകുന്ന അച്ചന്റെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്.
സ്കൂളിലെ എന്റെ ആദ്യ റ്റീച്ചർ വിശാലാക്ഷിയമ്മ റ്റീച്ചർ. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്കും ഒരു പെൺകുട്ടിക്കും ഒരേപോലുള്ള ബാഗായിരുന്നു. അതുകൊണ്ടായിരിക്കണം ഞാനവളെ ശ്രദ്ധിച്ചതും, ജീവിതത്തിലാദ്യമായി എന്നെ ആകർഷിച്ചവൾ എന്ന പദവി അവൾക്ക് നൽകിയതും, ഹ..ഹ..!
അന്ന് സ്കൂളിൽ പോയിരുന്നത് വീടിനു കുറച്ച് താഴെയുള്ള വയലും അതിനോട് ചേർന്നുള്ള തോടും കടന്നായിരുന്നു. കർക്കിടകത്തിലെ പെരുമഴയിൽ വെള്ളം കെട്ടിനിന്ന് തോടും വയലും ഒന്നാകുമായിരുന്നു. ഏതാണു തോട് ഏതാണു വയൽ എന്ന് കാണാൻ പറ്റാത്ത അവസ്ഥ്. വയൽ വരമ്പ് പോലും കാണാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് തന്നെ അന്നൊക്കെ ഒന്നോ രണ്ടോ ദിവസം എന്നെ സ്കൂളിൽ വിടില്ല. മഴ വീണ്ടും തകർത്ത് പെയ്യാൻ ഞാൻ പ്രാർത്ഥിക്കുമായിരുന്നു !
സ്കൂളിൽ പോകുന്നതും വരുന്നതും ചേച്ചിമാരും കൂട്ടുകാരുമൊക്കെയടങ്ങുന്ന ഒരു ചെറിയ കൂട്ടമായായിരുന്നു. രണ്ടും മൂന്നുംപേരു ചേർന്ന് ഒരു കുടക്കീഴിൽ യാത്രചെയ്യും; വഴിവക്കിലെ ചേറും അടിച്ച്‌തെറിപ്പിച്ചുകൊണ്ട്. മഴ കുറഞ്ഞാലും വയലിൽ കെട്ടിനിലക്കുന്ന വെള്ളം താഴാൻ ദിവസങ്ങൾ തന്നെയെടുക്കും. സ്കൂൾ വിട്ട് വരുന്ന വഴി വെള്ളം കെട്ടിക്കിടക്കുന്ന വയലിൽ 'പരേഡ്' കളിക്കുക ഞങ്ങളുടെ പതിവായിരുന്നു. ഒരിക്കലൊരാൾ അതുകണ്ട് വഴക്കു പറഞ്ഞു ഞങ്ങളെയോടിച്ചു! പിന്നെ ആ കളി തുടർന്നില്ല..
ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നസമയത്ത് ചേട്ടൻ ഏഴിലായിരുന്നു. ഒരിക്കൽ ഒരു തമാശയുണ്ടായി; ഒരു ദിവസം ഉച്ചയൂണിന് വിട്ടപ്പോൾ ഞാനും ചേട്ടനും കൂട്ടുകാരനുംകൂടി പാത്രം തുറന്ന് കഴിക്കാൻ ആരംഭിച്ചു. ഏതാണ്ട് പകുതി കഴിച്ചുകാണും അപ്പോഴതാ മണിനാദം! അപ്പോഴാണറിഞ്ഞത് അത് ഉച്ച്യൂണിനു മുൻപുള്ള ഇന്റെർവൽ ആയിരുന്നൂയെന്ന്! പിന്നെ പാത്രം തിരിച്ചടച്ച് കൈകഴുകി ക്ലാസ്സിൽ പോയിരുന്നു!
കൂട്ടുകാർ കുറെയുണ്ടായിരുന്നെങ്കിലും എടുത്തുപറയാൻ ഞങ്ങൾ മൂന്ന് പേരായിരുന്നു കൂട്ട്. ഒരേ ക്ലാസ്സിൽ ഒരേ ബഞ്ചിൽ, എന്നാൽ വിവിധയിടങ്ങളിൽ നിന്നു വരുന്നവർ. ത്രിമൂർത്തികൾ എന്ന് ഞങ്ങൾ തന്നെ വിളിച്ചിരുന്നവർ.. അതിൽ ഞങ്ങൾ രണ്ട് പേർക്ക് ചിത്രരചനയുടേയും ഒരാൾക്ക് സംഗീതത്തിന്റെയും 'അസ്കിത'യുണ്ടായിരുന്നു. ചിത്രരചനയെന്നുപറഞ്ഞാൽ എനിക്ക് നിരവധി സമ്മാനങ്ങളൊക്കെ സ്കൂളിൽ നിന്നുകിട്ടിയിട്ടുണ്ട് ! ഒരിക്കൽ കളർ പെൻസിൽ ഇല്ലാതെ വിഷമിച്ചിരിക്കുമ്പോൾ മുൻപിലതാ ഒരുകെട്ട് സ്കെച് പേനകളുമായി അച്ചൻ! എന്നാൽ അതൊക്കെ അന്നു തന്നെ തീർക്കുകയും ചെയ്തു..
ആയിടക്കാണ് അച്ഛൻ എന്ന തണൽമരം കടപുഴകിയത്. അധികം വിഷമമൊന്നും തോന്നിയിരുന്നില്ല.. കാരണം ഒരു ആറാം ക്ലാസുകാരനു പിതൃ-നഷ്ടത്തിന്റെ ആഴം അന്ന് എത്രത്തോളമാണ് മനസ്സിലാക്കാൻ കഴിയുക?
അമ്മ(അമ്മച്ചി) അധികമൊന്നും സ്കൂളിൽ വരുമായിരുന്നില്ല. പരീക്ഷ കഴിഞ്ഞുൽള പി.റ്റി.എ മീറ്റിങ്ങിനും വല്ലപ്പോഴുമുള്ള പ്രതിരോധ-മരുന്ന് കുത്തിവയ്പ്പിനുമൊക്കെയായിരുന്നു അമ്മയുടെ വരവ്. അമ്മ വന്നാൽപിന്നെ ഞാൻ മുഠായി വാങ്ങിപ്പിക്കാതെ വിടില്ലായിരുന്നു. പുളിമുഠായിക്കായിരുന്നു അന്നേറ്റവും കൂടുതൽ ഡിമാന്റുണ്ടായിരുന്നത്!
വൃശ്ചികമാസമെത്തിയാൽ തൃക്കർത്തികായോടനുബന്ധിച്ച് അന്ന് മുറ്റത്ത് അത്തമിടുമായിരുന്നു. ഡിസംബറിലെ മഞ്ഞത്ത് കുറ്റിക്കാടും മുള്ളുമൊക്കെ താണ്ടി കാർത്തികപ്പൂ പിച്ചാൻ ഞങ്ങൾ(സ്കൂളിൽ ഒരുമിച്ചുപോകുന്നകൂട്ടം!) അതിരാവിലെ പോകുമായിരുന്നു..
സ്കൂളിനോട് ചേർന്നായിരുന്നു അമ്പലം. അതുകൊണ്ട് തന്നെ അമ്പലപ്പറമ്പിൽ വൃശ്ചികത്തിലെ കാറ്റത്ത് ഓടിക്കളിക്കാൻ ഒരു സുഖമായിരുന്നു. അമ്പലപ്പറമ്പിന്റെ ഓരത്തായി മുകളിലേക്ക് മണൽ കലർന്നതിട്ടയും ഏറ്റാവും മുകളിലായ് ഒരു ചെമ്പകവും ഉണ്ട്. ചെമ്പകപ്പൂപിച്ചി അതുമായി മണൽതിട്ടയിലൂടെ താഴേക്ക് നിരങ്ങുക ഒരു പതിവയിരുന്നു ഞങ്ങളുടെ..
ഇന്നെല്ലാം ഓർമ്മകളാണ്. വെറും ഓർമ്മകൾ.. അന്നോടിക്കളിച്ച അമ്പലപ്പറമ്പും ചെമ്പകവും സ്കൂളിലെ പൊടിമണൽ കലർന്ന വിശാലമായ മുറ്റവും ഇന്നില്ല. അമ്പലപ്പറമ്പിന്റെ സ്ഥാനത്ത് ഒരു വലിയ കല്യാണമണ്ഠപമായിരിക്കുന്നു. സ്കൂളിൽ എങ്ങും തിങ്ങിനിറഞ്ഞ കെട്ടിടങ്ങൾ..
വയൽ വരമ്പിലൂടെ പോകുമ്പോൾ പലപ്പോഴും ആ 'പരേഡ്'കളി ഓർമ്മവരും. മഴപെയ്യുമെങ്കിലും ഇപ്പോൾ വയലിൽ വെള്ളം കെട്ടിനിൽക്കാറില്ല. വയൽ എന്നുപോലും ഇപ്പോൾ പറയാനാകില്ല..; കാരണം ഇന്നത് വെറും തരിശ്ശുഭൂമിയാണ്. ഇടക്ക് വാഴക്കൃഷിയായിരുന്നു. കുറേക്കാലം കഴിഞ്ഞാൽ ചിലപ്പോൾ റബ്ബർ ആയേക്കാം. ഇളമാടിനെ* ഇളമടാക്കി നിർത്തിയിരുന്ന അരയാലിനും ചിറക്കും വരെ മാറ്റം വന്നു. ആ വലിയ ആൽ ഇന്നില്ല. ചിറയിൽ തളിർത്ത് പൂത്തു നിന്നിരുന്ന താമരകൾക്കും 'വംശനാശം' വന്നുകഴിഞ്ഞു.
ഒന്നൊ രാണ്ടോ ദിവസം മാത്രം ആയുസ്സുള്ള പിണക്കങ്ങളും, പരസ്പരമുള്ള കളിയാക്കലും, തമാശയുമായും ഒക്കെ കലർന്ന നിഷ്കളങ്കമായ ആ സൗഹൃദമൊക്കെ എങ്ങോ പൊയ്പ്പോയി. 'തൃമൂർത്ഥി'കൾക്കും മാറ്റമുണ്ടായി. ഒരാളെ ടൗണിലും മറ്റും വച്ച് വല്ലപ്പോഴും കാണും. ചിലപ്പോൾ ഒരു ചിരി അല്ലെങ്കിൽ ഒരുവരിയിലൊതുങ്ങുന്ന സുഖാന്യേഷണം. മറ്റേയാളുമായ് ഫോണിലും നേരിട്ടുമായി സൗഹൃദം തുടരുന്നു.
പണ്ട് ഒരുമിച്ചുണ്ടായിരുന്നവരിൽ രണ്ട് ചേച്ചിമാരെ കല്യാണം കഴിച്ചയച്ചു. രണ്ടുപേർ വെയ്റ്റിങ്ങ്‌ലിസ്റ്റിലാണ്.
എല്ലാത്തിനുമൊടുവിൽ എനിക്കും വന്നു മാറ്റങ്ങൾ. ചെറുപ്പത്തിൽ ചിത്രകലയിൽ നല്ലൊരു ഭാവിയുണ്ടെന്ന് പലരും പറഞ്ഞത് ഓർക്കുന്നു. എന്നാൽ അവസാനമായി പടം വരക്കാൻ പെൻസിൽ കയ്യിലെടുത്തത് എത്രവർഷം പിറകിലാണെന്ന് കൃത്യമായി ഓർമ്മവരുന്നില്ല. പഴയ ചിത്രങ്ങളിൽ നിലവാരം പുലർത്തുന്നു എന്ന് ഞാൻ വിശ്വസിച്ചിരുന്ന ചിത്രങ്ങൾ ഇന്നും സൂക്ഷിക്കുന്നു; ഒരു തെളിവിനായി..
വർഷങ്ങൾ കഴിയുമ്പോൾ എല്ലാം വീണ്ടും മാറും. എല്ലായ്പ്പോഴത്തേയും പോലെതന്നെ കാലത്തിനുപറയാൻ അപ്പോഴും കാരണങ്ങളുണ്ടാകും.. അതിന്റേതായ കാരണങ്ങൾ ..
*എന്റെ നാട്