Astrophotography: Moon
Homemade Telescope
Materials used: 50mm achromat doublet lens,8mm eyepiece,50mm lens holder. Support astrophotography with 87x zoom.
Astrophotography: Moon
Homemade Telescope
Materials used: 50mm achromat doublet lens,8mm eyepiece,50mm lens holder. Support astrophotography with 87x zoom.
വേഗത്തിൽ മതിൽ എടുത്തുചാടുമ്പോൾ വീട്ടിൽ ആരും ഇല്ലാതിരിക്കണേയെന്ന പ്രാർത്ഥനയായിരുന്നു. ഊഹിച്ചതുപോലെതന്നെ വീട്ടിൽ ആരുമില്ലായിരുന്നു.. ആ ആനമെലിഞ്ഞ് കൂട്ടിൽ ചങ്ങലക്കിട്ടിരുന്ന പട്ടിയല്ലാതെ! ഇരുൾമറവിൽ പാഞ്ഞ് ചെന്നുപെട്ടതൊ ആ 'നായിന്റെ മോന്റെ' മുന്നിലും. കണ്ടയുടനെ പട്ടി എണീറ്റു നിന്നൊരു സലൂട്ടും കൂടെ ബഹുമാനാർഹമായ കുരയും തുടങ്ങി. പദ്ദധിക്ക് എന്തോ ചെറിയപാളിച്ച പറ്റിയൊ എന്ന് സംശയിച്ചെങ്കിലും അടുത്ത നിമിഷത്തിൽ അയാൾ 'മയക്കുപൊടി റെസിപിയിൽ' പൊരിച്ചെടുത്ത കോഴിക്കാൽ 'ഡോഗർമോന്റെ' നേർക്ക് തൊടുത്ത് വിട്ടു. അതോടെ കുരയുടെ ബാറ്ററി ലോ ആയി, സ്വിച്ച് ഓഫിൽ എത്തി.
പിന്നെ ഒരു നിമിഷം അയാൾ മജീഷ്യൻ മുതുകാടാവുകയായിരുന്നു. താക്കോൽ സഹായമില്ലാതയാൾ വീടിനുള്ളിലേക്ക് പടർന്നുപന്തലിച്ചു.. സ്വന്തം ബോസ്സിന്റെ സ്വന്തം വീട്!
ഇരുപത്തിയഞ്ചാം വയസ്സിൽ നിർത്തിയതാണു മോഷണം. മാന്യമായ് തൊഴിലെടുത്ത് ജീവിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ മോഷണം പൂർണ്ണമായ് ഉപേക്ഷിച്ചു. സത്യസന്ധതയും അദ്ധ്വാനവും അയാളെ പല വലിയ കമ്പനികളിലും എത്തിപ്പിച്ചു. പിന്നീട് പ്രസ്തുത കമ്പനിയിൽ ദീർഘകാലം സേവനം. ശമ്പളവും ജോലിയുടെ സ്വഭാവവും അയാളെ അവിടെ നിന്നു മാറാൻ പ്രേരിപ്പിച്ചില്ല. ഒടുവിൽ കുടുംബത്തിൽ പുതിയൊരംഗത്തിന്റെ വരവറിയിച്ചതും ജോലിയിൽ നിന്നു പിരിച്ചുവിട്ടതും ഒരുമിച്ചായിരുന്നു. 'ഭാര്യക്കു പ്രസവവേദന ഭർത്താവിന് ഓഹരി വിപണി ഇടിവ് ' എന്നപോലെയായി കാര്യങ്ങൾ. "സ്വാഭാവിക പ്രസവത്തിൽ നിന്നും നിർഭാഗ്യവശാൽ ചില സങ്കീർണ്ണതകൾ ഉണ്ടത്രെ.. പുറത്തുനിന്നുള്ള മരുന്നുകൾക്ക് ഒരുതുകയാകും. കൂടെ നാട്ടുനടപ്പനുസരിച്ച് ഡോക്ടർക്ക് പ്രോൽസാഹനമായും എന്തേലും നൽകണമല്ലൊ !" സാമ്പത്തികമാന്ദ്യത്തിന്റെ വായ്ത്തലപ്പിൽ ഒരു 'കലക്കലിലേക്ക് ' ചിന്തിച്ചെങ്കിലും എല്ലാവരും ചെയ്യുന്ന തെറ്റ് ആവർത്തിക്കേണ്ടെന്ന് അയാൾക്ക് തോന്നി. സ്വന്തം സാഹചര്യത്തെ ശപിച്ചുകൊണ്ടയാൾ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന വിസകിട്ടി പോയവരുടെ പഴയ കുടുംബ ഫോട്ടോയിലേക്കൊന്നു നോക്കി. അവിടെ ആരൊക്കെയൊ "കള്ളൻ, കള്ളൻ.." എന്ന് വിളിച്ചുകൂവുന്നുണ്ടായിരുന്നു.
സമയം അർദ്ധരാത്രിയോടടുക്കുന്നു. അരണ്ട വെളിച്ചത്തിൽ ഹാളിലെ ബോസിന്റെ ഫാമിലി ഫോട്ടൊ അയാൾ ശ്രദ്ധിച്ചു. ഭാര്യയും മകളും അടങ്ങുന്ന മൂന്നംഗകുടുംബം. മനസ്സിൽ ചോദ്യങ്ങളുയർന്നു. " ഒരു കുടുംബത്തിന്റെ പ്രാരാബ്ദങ്ങൾ അറിയാവുന്ന ഒരാളായിട്ടും തന്റെ കുടുംബം അയാൾ കണ്ടില്ല!! ദീർഘകാലസേവനത്തിൽ ആദ്യമായി വരുത്തിയ ചെറിയൊരു പിഴവു.. മറ്റ് ജോലിക്കാരുടെ മുൻപിൽ വച്ചുള്ള ശകാരം, പിന്നെ ഉദ്യോഗത്തിൽ നിന്നും തട്ടിത്തെറുപ്പിക്കൽ.." മോഷണത്തിനായ് മറ്റൊരുവീട് പിന്നെ തിരയേണ്ടിവന്നില്ല.
പെട്ടെന്നാണ് ജനാലയിലൂടെ കാറിന്റെ വെളിച്ചം കണ്ണിലേക്കടിച്ചുകയറിയത്. ബോസിന്റെ അപ്രതീഷിതട്വിസ്റ്റുമായി വീട്ടിലേക്കൊരു തിരിച്ചുവരവ്! 'മുതുകാടിനു' തീ പിടിച്ചപോലെ നമ്മുടെ നായകൻ അലമാരക്കകത്തേക്ക് ചാടിക്കയറി വാതിൽ നിശബ്ദമായ് അടച്ചു.
ബോസ്സാണ് ആദ്യം വാതിൽ തുറന്ന് കയറിയത്. പിന്നെ വരിവരിയായ് ഭാര്യയും മകളും. ഉറക്ക ക്ഷീണത്താലായിരിക്കണം മകൾ മുകളിലത്തെ നിലയിലേക്കുപോയി വാതിലടക്കുന്ന ശബ്ദം കേട്ടു. പിന്നെ ഭാര്യാ-ഭർത്താക്കന്മാരും ഹാളിനോടുചേർന്ന അവരുടെ മുറിയിലേക്കുപോയ്. കുറച്ചുകഴിഞ്ഞ് അവ്യക്തമായ ചില പിറുപിറുക്കൽ ശബ്ദങ്ങൾ മുറിക്കുള്ളിൽനിന്നു കേട്ടു. മുറിക്കുള്ളിലെ ഒച്ച കൂടിവന്നു. ബോസിന്റെ ശബ്ദമാണ് ആദ്യം അയാൾ ശ്രവിച്ചത്.
"നീയൊരു നല്ല അമ്മയായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ഒരച്ചനു മകളോട് പറയാൻ കഴിയാത്ത പല ഉപദേശങ്ങളുമുണ്ട്. എന്നാൽ നിനക്കതൊക്കെ നേരത്തെ പറഞ്ഞ് പഠിപ്പിക്കാമായിരുന്നു.."
"എനിക്ക് ചെയ്യാൻ കഴിയാമായിരുന്ന എല്ലാ ഉപദേശങ്ങളും ഞാനവൾക്ക് വയസറിയിച്ച കാലത്തേ നൽകിയിരുന്നു. നിങ്ങളുടെ അതിരുകവിഞ്ഞ നിയന്ത്രണമാണവളെ ഇങ്ങനെയൊക്കെയാക്കിത്തീർത്തത്. ഇനി പരസ്പരം കുറ്റപ്പെടുത്തിയിട്ടുകാര്യമില്ല. നമ്മുടെ മുൻപിൽ ഇനി ഒരു മാർഗ്ഗമേയുള്ളൂ, അവർ പറഞ്ഞ ശ്രീധനം നൽകുക. അവൾ പ്രണയിച്ചയാളെ അവൾക്ക് തന്നെ കിട്ടുമല്ലൊ അപ്പോൾ"
"പ്രണയം! വലിയ വീട്ടിലെ പിള്ളേർക്ക് ഗർഭം ഉണ്ടാക്കാനും ഒരച്ചന്റെ ദൗർബല്യത്തിലൂടെ 'സ്ത്രീ'ധനത്തെ പുതിയരൂപത്തിൽ ചോദിക്കാതെതന്നെ നേടാനുമുള്ളതാണല്ലൊ ഇന്നത്തെ പ്രണയം.
നല്ല ജോലിക്കാരെ കാരണമില്ലാതെ കമ്പനിയിൽ നിന്നും പുറത്താക്കി. ആദ്യ സമ്പാദ്യമായി കാത്തുസൂക്ഷിച്ച കാർ വിറ്റു തൊലച്ചു. ഇനിയീ വീടും നാളെമുതൽ പണയം.." ഇടറിയ ആ വാക്കുകൾക്ക് മീതെ നിശബ്ദതയായിരുന്നു കാലത്തിന്റെയുത്തരം.
.......കുറെ സമയത്തിനുശേഷം ആ വീട്ടിൽ ഇരുൾ നിറച്ചുകൊണ്ട് വൈദ്ദ്യുതദ്വീപങ്ങളണഞ്ഞു. നിലാവ് രാത്രിയുടെ ആഴങ്ങളിലേക്ക് മുങ്ങിത്തുടങ്ങിയിരുന്നു. പരമ്പരാഗതമായ മോഷണ നിയമാവലിയിൽ അനുകമ്പ എന്നത് നിബന്ധനക്കെതിരാണെങ്കിലും ഉൾമുറിയിലെ രഹസ്യ അറയിൽ പണപ്പെട്ടി സൂക്ഷിക്കുന്ന ബോസിനെ അയാൾ കണ്ടില്ലെന്നു നടിച്ചു. ഒഴിഞ്ഞ കയ്യോടെ ബോസിന്റെ വീട്ടിൽ നിന്നിറങ്ങി വരുമ്പോൾ എവിടെയയിരുന്നു യഥാർത്ഥ്യത്തിൽ മോഷ്ടിക്കാൻ പോകേണ്ടിയിരുന്നത് എന്ന് അയാക്ക് ബോധ്യമായിരുന്നു.
ചാടുന്നതിനിടക്ക് മതിലിൽ വച്ചിരുന്ന ചെടിച്ചെട്ടി കൈതട്ടി നിലത്തേക്കു വീണു. പെട്ടെന്നു നൂറു വാട്സിന്റെ ഒരു ബൾബ് അയാളുടെ തലക്കുമേൽ ഉദിച്ചു! "ചെറിയ ആവിശ്യങ്ങൾക്കു പോലും എടുക്കാതെ അവൾ സൂക്ഷിച്ചിരുന്ന വഞ്ചിക്കുടം തട്ടുമ്പുറത്തെങ്ങൊ മാറാലപിടിച്ചിരിപ്പുണ്ട്.."
ഇപ്പോഴത്തെ ആവിശ്യത്തിന്് നല്ലൊരു തുക അതിൽ കാണുമെന്നുറപ്പായിരുന്നു. പലവട്ടം അവളെ വഴക്കുപറനിട്ടുണ്ടെങ്കിലും ഇപ്പോൾ അയാൾക്ക് ഭാര്യ ചെയ്ത വിവേചനത്തിൽ സ്വയം അഭിമാനം തോന്നി.
ജനിക്കാനിരിക്കുന്ന പെൺകുഞ്ഞിനെ പറ്റി അലോചിച്ച് ചെറിയൊരു നിശ്വാസത്തോടെ അയാൾ ആകാശതേക്കു നോക്കി.. ചെടിച്ചട്ടി വീണുടയുന്ന ശബ്ദം കേട്ട് അപ്പോഴേക്കും മുറിയിൽ വെളിച്ചം തെളിഞ്ഞിരുന്നു. സ്വന്തം വീടു ലക്ഷ്യമാക്കി അയാൾ മെല്ലെ മുന്നോട്ട് നീങ്ങി.
സ്കൂൾ വിദ്യഭ്യാസകാലത്തിന്റെ സ്മരണകളിൽ ആദ്യം ഓടിയെത്തുന്നത് എന്റെ ഇളമാട് സ്കൂളാണ്. ഏറ്റവും കൂടുതൽ കാലം പഠിച്ചതും അവിടെ തന്നെയാണ്. ഓർമ്മകളുടെ ഏഴുവർഷത്തെ വസന്തകാലം. അല്ല, പ്രി പ്രൈമറിയും കൂട്ടി എട്ടുവർഷം. സ്കൂൾ ജീവിതത്തിനിടയിലാണ് അച്ചനെ നഷ്ടമായതെങ്കിലും വിദ്യാഭ്യാസകാലത്തിന്റെ ആരംഭഘട്ടത്തിൽ അച്ചന്റെ ഓർമ്മകളാണ് കൂടുതലും. നഴ്സറിസ്കൂളിൽ എന്നെ ചേർത്തത് അച്ചനായിരുന്നു. ആദ്യദിവസം തന്നെ ഞാൻ കരഞ്ഞ് ബഹളം കൂട്ടി, അച്ചനോടൊപ്പം വീട്ടിലേക്കോടാനൊരുങ്ങിയ എന്നെ തടഞ്ഞുകൊണ്ട് ടീച്ചേഴ്സ് വാതുൽക്കൽ നിന്നു. ഇരുപതിലേറെ കോണിപടികളുണ്ടായിരുന്ന എന്റെ നഴ്സറി സ്കൂളിന്റെ പടികൾ തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി പോകുന്ന അച്ചന്റെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്.
സ്കൂളിലെ എന്റെ ആദ്യ റ്റീച്ചർ വിശാലാക്ഷിയമ്മ റ്റീച്ചർ. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്കും ഒരു പെൺകുട്ടിക്കും ഒരേപോലുള്ള ബാഗായിരുന്നു. അതുകൊണ്ടായിരിക്കണം ഞാനവളെ ശ്രദ്ധിച്ചതും, ജീവിതത്തിലാദ്യമായി എന്നെ ആകർഷിച്ചവൾ എന്ന പദവി അവൾക്ക് നൽകിയതും, ഹ..ഹ..!
അന്ന് സ്കൂളിൽ പോയിരുന്നത് വീടിനു കുറച്ച് താഴെയുള്ള വയലും അതിനോട് ചേർന്നുള്ള തോടും കടന്നായിരുന്നു. കർക്കിടകത്തിലെ പെരുമഴയിൽ വെള്ളം കെട്ടിനിന്ന് തോടും വയലും ഒന്നാകുമായിരുന്നു. ഏതാണു തോട് ഏതാണു വയൽ എന്ന് കാണാൻ പറ്റാത്ത അവസ്ഥ്. വയൽ വരമ്പ് പോലും കാണാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് തന്നെ അന്നൊക്കെ ഒന്നോ രണ്ടോ ദിവസം എന്നെ സ്കൂളിൽ വിടില്ല. മഴ വീണ്ടും തകർത്ത് പെയ്യാൻ ഞാൻ പ്രാർത്ഥിക്കുമായിരുന്നു !
സ്കൂളിൽ പോകുന്നതും വരുന്നതും ചേച്ചിമാരും കൂട്ടുകാരുമൊക്കെയടങ്ങുന്ന ഒരു ചെറിയ കൂട്ടമായായിരുന്നു. രണ്ടും മൂന്നുംപേരു ചേർന്ന് ഒരു കുടക്കീഴിൽ യാത്രചെയ്യും; വഴിവക്കിലെ ചേറും അടിച്ച്‌തെറിപ്പിച്ചുകൊണ്ട്. മഴ കുറഞ്ഞാലും വയലിൽ കെട്ടിനിലക്കുന്ന വെള്ളം താഴാൻ ദിവസങ്ങൾ തന്നെയെടുക്കും. സ്കൂൾ വിട്ട് വരുന്ന വഴി വെള്ളം കെട്ടിക്കിടക്കുന്ന വയലിൽ 'പരേഡ്' കളിക്കുക ഞങ്ങളുടെ പതിവായിരുന്നു. ഒരിക്കലൊരാൾ അതുകണ്ട് വഴക്കു പറഞ്ഞു ഞങ്ങളെയോടിച്ചു! പിന്നെ ആ കളി തുടർന്നില്ല..
ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നസമയത്ത് ചേട്ടൻ ഏഴിലായിരുന്നു. ഒരിക്കൽ ഒരു തമാശയുണ്ടായി; ഒരു ദിവസം ഉച്ചയൂണിന് വിട്ടപ്പോൾ ഞാനും ചേട്ടനും കൂട്ടുകാരനുംകൂടി പാത്രം തുറന്ന് കഴിക്കാൻ ആരംഭിച്ചു. ഏതാണ്ട് പകുതി കഴിച്ചുകാണും അപ്പോഴതാ മണിനാദം! അപ്പോഴാണറിഞ്ഞത് അത് ഉച്ച്യൂണിനു മുൻപുള്ള ഇന്റെർവൽ ആയിരുന്നൂയെന്ന്! പിന്നെ പാത്രം തിരിച്ചടച്ച് കൈകഴുകി ക്ലാസ്സിൽ പോയിരുന്നു!
കൂട്ടുകാർ കുറെയുണ്ടായിരുന്നെങ്കിലും എടുത്തുപറയാൻ ഞങ്ങൾ മൂന്ന് പേരായിരുന്നു കൂട്ട്. ഒരേ ക്ലാസ്സിൽ ഒരേ ബഞ്ചിൽ, എന്നാൽ വിവിധയിടങ്ങളിൽ നിന്നു വരുന്നവർ. ത്രിമൂർത്തികൾ എന്ന് ഞങ്ങൾ തന്നെ വിളിച്ചിരുന്നവർ.. അതിൽ ഞങ്ങൾ രണ്ട് പേർക്ക് ചിത്രരചനയുടേയും ഒരാൾക്ക് സംഗീതത്തിന്റെയും 'അസ്കിത'യുണ്ടായിരുന്നു. ചിത്രരചനയെന്നുപറഞ്ഞാൽ എനിക്ക് നിരവധി സമ്മാനങ്ങളൊക്കെ സ്കൂളിൽ നിന്നുകിട്ടിയിട്ടുണ്ട് ! ഒരിക്കൽ കളർ പെൻസിൽ ഇല്ലാതെ വിഷമിച്ചിരിക്കുമ്പോൾ മുൻപിലതാ ഒരുകെട്ട് സ്കെച് പേനകളുമായി അച്ചൻ! എന്നാൽ അതൊക്കെ അന്നു തന്നെ തീർക്കുകയും ചെയ്തു..
ആയിടക്കാണ് അച്ഛൻ എന്ന തണൽമരം കടപുഴകിയത്. അധികം വിഷമമൊന്നും തോന്നിയിരുന്നില്ല.. കാരണം ഒരു ആറാം ക്ലാസുകാരനു പിതൃ-നഷ്ടത്തിന്റെ ആഴം അന്ന് എത്രത്തോളമാണ് മനസ്സിലാക്കാൻ കഴിയുക?
അമ്മ(അമ്മച്ചി) അധികമൊന്നും സ്കൂളിൽ വരുമായിരുന്നില്ല. പരീക്ഷ കഴിഞ്ഞുൽള പി.റ്റി.എ മീറ്റിങ്ങിനും വല്ലപ്പോഴുമുള്ള പ്രതിരോധ-മരുന്ന് കുത്തിവയ്പ്പിനുമൊക്കെയായിരുന്നു അമ്മയുടെ വരവ്. അമ്മ വന്നാൽപിന്നെ ഞാൻ മുഠായി വാങ്ങിപ്പിക്കാതെ വിടില്ലായിരുന്നു. പുളിമുഠായിക്കായിരുന്നു അന്നേറ്റവും കൂടുതൽ ഡിമാന്റുണ്ടായിരുന്നത്!
വൃശ്ചികമാസമെത്തിയാൽ തൃക്കർത്തികായോടനുബന്ധിച്ച് അന്ന് മുറ്റത്ത് അത്തമിടുമായിരുന്നു. ഡിസംബറിലെ മഞ്ഞത്ത് കുറ്റിക്കാടും മുള്ളുമൊക്കെ താണ്ടി കാർത്തികപ്പൂ പിച്ചാൻ ഞങ്ങൾ(സ്കൂളിൽ ഒരുമിച്ചുപോകുന്നകൂട്ടം!) അതിരാവിലെ പോകുമായിരുന്നു..
സ്കൂളിനോട് ചേർന്നായിരുന്നു അമ്പലം. അതുകൊണ്ട് തന്നെ അമ്പലപ്പറമ്പിൽ വൃശ്ചികത്തിലെ കാറ്റത്ത് ഓടിക്കളിക്കാൻ ഒരു സുഖമായിരുന്നു. അമ്പലപ്പറമ്പിന്റെ ഓരത്തായി മുകളിലേക്ക് മണൽ കലർന്നതിട്ടയും ഏറ്റാവും മുകളിലായ് ഒരു ചെമ്പകവും ഉണ്ട്. ചെമ്പകപ്പൂപിച്ചി അതുമായി മണൽതിട്ടയിലൂടെ താഴേക്ക് നിരങ്ങുക ഒരു പതിവയിരുന്നു ഞങ്ങളുടെ..
ഇന്നെല്ലാം ഓർമ്മകളാണ്. വെറും ഓർമ്മകൾ.. അന്നോടിക്കളിച്ച അമ്പലപ്പറമ്പും ചെമ്പകവും സ്കൂളിലെ പൊടിമണൽ കലർന്ന വിശാലമായ മുറ്റവും ഇന്നില്ല. അമ്പലപ്പറമ്പിന്റെ സ്ഥാനത്ത് ഒരു വലിയ കല്യാണമണ്ഠപമായിരിക്കുന്നു. സ്കൂളിൽ എങ്ങും തിങ്ങിനിറഞ്ഞ കെട്ടിടങ്ങൾ..
വയൽ വരമ്പിലൂടെ പോകുമ്പോൾ പലപ്പോഴും ആ 'പരേഡ്'കളി ഓർമ്മവരും. മഴപെയ്യുമെങ്കിലും ഇപ്പോൾ വയലിൽ വെള്ളം കെട്ടിനിൽക്കാറില്ല. വയൽ എന്നുപോലും ഇപ്പോൾ പറയാനാകില്ല..; കാരണം ഇന്നത് വെറും തരിശ്ശുഭൂമിയാണ്. ഇടക്ക് വാഴക്കൃഷിയായിരുന്നു. കുറേക്കാലം കഴിഞ്ഞാൽ ചിലപ്പോൾ റബ്ബർ ആയേക്കാം. ഇളമാടിനെ* ഇളമടാക്കി നിർത്തിയിരുന്ന അരയാലിനും ചിറക്കും വരെ മാറ്റം വന്നു. ആ വലിയ ആൽ ഇന്നില്ല. ചിറയിൽ തളിർത്ത് പൂത്തു നിന്നിരുന്ന താമരകൾക്കും 'വംശനാശം' വന്നുകഴിഞ്ഞു.
ഒന്നൊ രാണ്ടോ ദിവസം മാത്രം ആയുസ്സുള്ള പിണക്കങ്ങളും, പരസ്പരമുള്ള കളിയാക്കലും, തമാശയുമായും ഒക്കെ കലർന്ന നിഷ്കളങ്കമായ ആ സൗഹൃദമൊക്കെ എങ്ങോ പൊയ്പ്പോയി. 'തൃമൂർത്ഥി'കൾക്കും മാറ്റമുണ്ടായി. ഒരാളെ ടൗണിലും മറ്റും വച്ച് വല്ലപ്പോഴും കാണും. ചിലപ്പോൾ ഒരു ചിരി അല്ലെങ്കിൽ ഒരുവരിയിലൊതുങ്ങുന്ന സുഖാന്യേഷണം. മറ്റേയാളുമായ് ഫോണിലും നേരിട്ടുമായി സൗഹൃദം തുടരുന്നു.
പണ്ട് ഒരുമിച്ചുണ്ടായിരുന്നവരിൽ രണ്ട് ചേച്ചിമാരെ കല്യാണം കഴിച്ചയച്ചു. രണ്ടുപേർ വെയ്റ്റിങ്ങ്‌ലിസ്റ്റിലാണ്.
എല്ലാത്തിനുമൊടുവിൽ എനിക്കും വന്നു മാറ്റങ്ങൾ. ചെറുപ്പത്തിൽ ചിത്രകലയിൽ നല്ലൊരു ഭാവിയുണ്ടെന്ന് പലരും പറഞ്ഞത് ഓർക്കുന്നു. എന്നാൽ അവസാനമായി പടം വരക്കാൻ പെൻസിൽ കയ്യിലെടുത്തത് എത്രവർഷം പിറകിലാണെന്ന് കൃത്യമായി ഓർമ്മവരുന്നില്ല. പഴയ ചിത്രങ്ങളിൽ നിലവാരം പുലർത്തുന്നു എന്ന് ഞാൻ വിശ്വസിച്ചിരുന്ന ചിത്രങ്ങൾ ഇന്നും സൂക്ഷിക്കുന്നു; ഒരു തെളിവിനായി..
വർഷങ്ങൾ കഴിയുമ്പോൾ എല്ലാം വീണ്ടും മാറും. എല്ലായ്പ്പോഴത്തേയും പോലെതന്നെ കാലത്തിനുപറയാൻ അപ്പോഴും കാരണങ്ങളുണ്ടാകും.. അതിന്റേതായ കാരണങ്ങൾ ..
*എന്റെ നാട്